ഗോദ' എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും ഒന്നിച്ച സിനിമയാണ് മിന്നൽ മുരളി.
ടൊവിനോ- ബേസിൽ ജോസഫ്(Tovino-Basil joseph) കൂട്ടുക്കെട്ടിൽ പുറത്തിറങ്ങി ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മിന്നൽ മുരളി(Minnal Murali). ഇന്ത്യയൊട്ടാകെ ചിത്രത്തിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിൽ സ്പീഡ് ആയിരുന്നു മുരളിയുടെ സൂപ്പർ പവർ. ഇപ്പോഴിതാ മിന്നൽ മുരളിയെ പറപ്പിക്കുന്ന യുട്യൂബ് വീഡിയോക്ക് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് ബേസിൽ ജോസഫ്.
ആശാൻ ഹോബി(Asan Hobby) എന്ന യുട്യൂബ് ചാനൽ പുറത്തുവിട്ട വീഡിയോയിലാണ് മിന്നൽ മുരളി പറക്കുന്നത്. മിന്നല്‍ മുരളിയുടെ രൂപമുണ്ടാക്കി, അത് പറപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതിന്റെ നിര്‍മാണം തുടങ്ങുന്നത് മുതലുള്ള എല്ലാ മേക്കിങ് പ്രക്രിയകളും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇതിന് പിന്നിലുള്ള ടെക്‌നിക്കല്‍ കാര്യങ്ങളും വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.
ക്രിസ്മസ് റിലീസായി നെറ്റ്ഫ്ലിക്സിൽ എത്തിയ ചിത്രമാണ് മിന്നൽ മുരളി. നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ലിസ്റ്റിലെ ആദ്യ പത്തില്‍ തുടര്‍ച്ചയായ മൂന്ന് വാരങ്ങള്‍ പിന്നിട്ട ചിത്രം 2021ല്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച ആക്ഷന്‍, അഡ്വഞ്ചര്‍ ചിത്രങ്ങളുടെ ലിസ്റ്റിലും ഇടംപിടിച്ചിരുന്നു.
'ഗോദ' എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും ഒന്നിച്ച സിനിമയാണ് മിന്നൽ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്‌സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം.

