റിലീസ് ദിനം മുതൽ പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടുകയാണ് ചിത്രം.
പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപനം സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'. ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം രണ്ട് ദിവസം മുമ്പാണ് റിലീസ് ചെയ്തത്. റിലീസ് ദിനം മുതൽ പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടുകയാണ് ചിത്രം. തിയറ്ററുകളിൽ ചിരിപടർത്തിയ ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഈ അവസരത്തിൽ ബേസിൽ പങ്കുവച്ചൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്.
തിയറ്ററിൽ 'ജയ ജയ ജയ ജയ ഹേ'കണ്ട് കരയുന്ന കുട്ടിയുടെ വീഡിയോയാണ് ബേസിൽ പങ്കുവച്ചത്. ദർശന അവതരിപ്പിച്ച ജയ എന്ന കഥാപാത്രം സ്ക്രീനിൽ കരയുമ്പോൾ കൂടെ കരയുകയാണ് പീലി എന്ന കുട്ടി. നടനും എഴുത്തുകാരനുമായ ആര്യൻ ഗിരിജാവല്ലഭന്റെ മകളാണ് പീലി.
'ഒരു സുഹൃത്തു വാട്സാപ്പ് ചെയ്ത വീഡിയോ ആണ് . The pure magic of cinema. ഇതിൽ കൂടുതൽ എന്താണ് വേണ്ടത് ? പറയാൻ വാക്കുകൾ കിട്ടുന്നില്ല', എന്നായിരുന്നു വീഡിയോ പങ്കുവച്ച് ബേസിൽ കുറിച്ചത്. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഈ വീഡിയോയ്ക്ക് ദർശന കമന്റും ചെയ്തിട്ടുണ്ട്.
കുട്ടിപ്പാട്ടുകൂട്ടം വീണ്ടും എത്തുന്നു; സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3ക്ക് ഇന്ന് കൊടിയേറ്റം
ഒക്ടോബർ 28നാണ് 'ജയ ജയ ജയ ജയ ഹേ' തിയറ്ററുകളിൽ എത്തിയത്. 'ജാനേമൻ' എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റേത് തന്നെയാണ് 'ജയ ജയ ജയ ജയ ഹേ'യും. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അമൽ പോൾസനാണ് സഹ നിർമ്മാണം. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമി ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.
