നടൻ ബേസിൽ ജോസഫ് കുടുംബത്തോടൊപ്പം മമ്മൂട്ടിയെ കണ്ടതിന്റെ വിശേഷങ്ങൾ പങ്കുവെച്ചു. മകൾ ഹോപ്പ് പേര് ചോദിച്ചപ്പോൾ മമ്മൂട്ടി നൽകിയ ലളിതമായ മറുപടി ഹൃദയസ്പർശിയായെന്ന് ബേസിൽ പറഞ്ഞു.

മകൾ ഹോപ്പ് മമ്മൂട്ടിയെ കണ്ട നിമിഷം പങ്കുവെച്ച് ബേസിൽ ജോസഫ്. ഫേസ്‌ബുക്കിൽ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് മകളോടൊപ്പം മമ്മൂട്ടിയെ കണ്ട നിമിഷത്തെ കുറിച്ച് ബേസിൽ കുറിച്ചത്.തന്റെ കുടുംബത്തിന് എല്ലാകാലത്തും ഓർമ്മിച്ച് വെക്കാൻ കഴിയുന്ന ശാന്തവും മനോഹരവുമായ അനുഭവമായിരുന്നു അതെന്നും, മകളുടെ ചോദ്യത്തിനുള്ള മമ്മൂട്ടിയുടെ ലളിതമായ മറുപടി ഹൃദയത്തിൽ ഒരിക്കലും മായാത്ത ഒരു ഓർമയായി പതിഞ്ഞുവെന്നും ബേസിൽ കുറിച്ചു.

"ഒരു ഇതിഹാസത്തോടൊപ്പം ഒരു വൈകുന്നേരം ചെലവഴിക്കാനുള്ള അപൂർവ ഭാഗ്യം ലഭിച്ചു. എന്റെ കുടുംബത്തിന് എല്ലാകാലത്തും ഓർമ്മിച്ച് വെക്കാൻ കഴിയുന്ന ശാന്തവും മനോഹരവുമായ അനുഭവമായിരുന്നു അത്. എന്റെ മകൾ അദ്ദേഹത്തെ നോക്കി നിഷ്കളങ്കമായി ചോദിച്ചു: “നിങ്ങളുടെ പേരെന്താണ്?” അദ്ദേഹം പുഞ്ചിരിയോടെ 'മമ്മൂട്ടി' എന്ന് മറുപടി പറഞ്ഞു. ആ ലളിതമായ മറുപടി ഞങ്ങളുടെ ഹൃദയത്തിൽ ഒരിക്കലും മായാത്ത ഒരു ഓർമയായി പതിഞ്ഞു. അദ്ദേഹം തന്റെ ക്യാമറ എടുത്ത് ഞങ്ങളുമായി ഒരുപാട് ഫോട്ടോയെടുത്തു. ഹോപ്പും മമ്മൂക്കയും ഒരുപാട് സെൽഫികളുമെടുത്തു. സ്നേഹത്തോടെ, ഒരു അടുത്ത സൃഹുത്തിനെ പോലെ അത്രയും നേരം അദ്ദേഹം ഞങ്ങളുടെ ഒപ്പമിരുന്നു. അത്തരമൊരു പൂർണ്ണതയും, സൗമ്യതയും വാക്കുകളിൽ ഒതുക്കാൻ കഴിയില്ല. മമ്മൂക്ക, ഈ സ്നേഹത്തിനും സമയം ചെലവഴിക്കാനുള്ള തയ്യാറെടുപ്പിനും ഹൃദയത്തിൽ നിന്ന് നന്ദി. ഈ വൈകുന്നേരം ഞങ്ങൾ ഒരിക്കലും മറക്കില്ല." ബേസിൽ ജോസഫ് കുറിച്ചു.

ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്

സഹസംവിധായകനായി മലയാള സിനിമയിൽ കരിയർ തുടങ്ങി, സംവിധായകനായും സഹ നടനായും ഇപ്പോൾ നായകനായും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന പ്രേക്ഷകരുടെ പ്രിയതാരം ബേസിൽ ജോസഫ് സിനിമ നിർമ്മാണ രംഗത്തേക്ക് വരികയാണെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ് എന്ന് പേരിട്ടിരിക്കുന്ന പ്രൊഡക്ഷൻ ഹൗസിന്റെ ആനിമേഷൻ ടൈറ്റിൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ബേസിൽ ഇക്കാര്യം അറിയിച്ചത്. അതേസമയം ആദ്യമായി നിർമ്മിക്കുന്ന സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

YouTube video player