ഡോക്ടര്‍ എന്ന വിജയ ചിത്രത്തിനു ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ബീസ്റ്റിന് ലഭിച്ച പ്രേക്ഷകശ്രദ്ധയ്ക്ക് ഒരു കാരണമാണ്

ഒരു വര്‍ഷത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന വിജയ് (Vijay) ചിത്രം ബീസ്റ്റ് (Beast) ആഘോഷമാക്കാനൊരുങ്ങി ആരാധകര്‍. വിജയ്‍യുടെ കഴിഞ്ഞ ചിത്രം മാസ്റ്റര്‍ തിയറ്ററുകളിലെത്തിയത് 2021 ജനുവരി 13ന് ആയിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തമിഴ് സിനിമാപ്രേമികളെ തിയറ്ററുകളിലേക്ക് തിരിച്ചെത്തിച്ച ചിത്രമായി ഇത് മാറി. മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം എത്തുന്ന വിജയ് ചിത്രം എന്നതിനൊപ്പം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ബീസ്റ്റിനെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്ന ഘടകമാണ്. അതേസമയം മാസ്റ്ററിനെക്കാള്‍ വലിയ ഇനിഷ്യല്‍ ബീസ്റ്റ് നേടുമെന്ന് മിക്കവാറും ഉറപ്പാണ്. മാസ്റ്ററിന്‍റെ റിലീസ് സമയത്ത് കേരളമുള്‍പ്പെടെ പല മാര്‍ക്കറ്റുകളിലും 50 ശതമാനം പ്രവേശനമാണ് തിയറ്ററുകളില്‍ ഉണ്ടായിരുന്നത്. നിലവില്‍ രാജ്യം മുഴുവനുമുള്ള തിയറ്ററുകളില്‍ 100 ശതമാനം സീറ്റുകളില്‍ പ്രവേശനമുണ്ട്.

അതേസമയം വന്‍ അഡ്വാന്‍സ് ബുക്കിംഗ് ആണ് കേരളത്തിലും ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വിതരണക്കാരും തിയറ്റര്‍ ഉടമകളും വന്‍ ഇനിഷ്യല്‍ പ്രതീക്ഷിക്കുന്ന ചിത്രം പ്രദര്‍ശനങ്ങളുടെ എണ്ണത്തിലും വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. വിജയ് ചിത്രങ്ങള്‍ക്ക് കേരളത്തില്‍ ഏറ്റവുമധികം സ്ക്രീന്‍ കൌണ്ട് ഉണ്ടാവാറുള്ള തിരുവനന്തപുരത്ത് ആദ്യ ദിനം ചിത്രത്തിന് 208 പ്രദര്‍ശനങ്ങളാണ് ഇതുവരെ ലിസ്റ്റ് ചെയ്‍ത് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ഇതില്‍ ഏരീസ് പ്ലെക്സ് മള്‍ട്ടിപ്ലെക്സിലാണ് ഏറ്റവുമധികം പ്രദര്‍ശനങ്ങള്‍. 41 പ്രദര്‍ശനങ്ങളാണ് ആദ്യദിനം ഏരീസില്‍ ഉള്ളത്. മാള്‍ ഓഫ് ട്രാവന്‍കൂറില്‍ 31 പ്രദര്‍ശനങ്ങളും സെന്‍ട്രല്‍ മാള്‍ കാര്‍ണിവലില്‍ 21 പ്രദര്‍ശനങ്ങളുമുണ്ട്. ഇതില്‍ പല ആദ്യ പ്രദര്‍ശനങ്ങളും ഇന്ന് രാവിലെ മുതല്‍ക്കുതന്നെ ഹൌസ്ഫുള്‍ ആണ്. ഭൂരിഭാഗം സെന്‍ററുകളിലും ആദ്യ പ്രദര്‍ശനങ്ങള്‍ പുലര്‍ച്ചെ നാലിന് ആരംഭിക്കും. 

Scroll to load tweet…

സമീപകാലത്ത് ഏറ്റവുമധികം പ്രീ-റിലീസ് ഹൈപ്പോടെയെത്തുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. ഡോക്ടര്‍ എന്ന വിജയ ചിത്രത്തിനു ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ബീസ്റ്റിന് ലഭിച്ച പ്രേക്ഷകശ്രദ്ധയ്ക്ക് ഒരു കാരണമാണ്. ചിത്രത്തിന്‍റെ പ്രീ-റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കെല്ലാം വന്‍ പ്രേക്ഷകശ്രദ്ധയാണ് ലഭിച്ചത്. 4.8 കോടി കാഴ്ചകളാണ് ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ട്രെയ്ലറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. പ്ലോട്ടിനെക്കുറിച്ച് സൂചന നല്‍കുന്നതായിരുന്നു ട്രെയ്‍ലര്‍. വീരരാഘവന്‍ എന്ന സ്പൈ ഏജന്‍റ് ആണ് വിജയിയുടെ കഥാപാത്രം. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയാണ് തീവ്രവാദികള്‍. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ട് എന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. എക്സ്പ്ലോസീവുകള്‍ ഏറെ ഉപയോഗിച്ചിരിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം അനിരുദ്ധ് രവിചന്ദറിന്റെ ട്രാക്കുകളും ട്രെയ്‍ലര്‍ ഒരു ആവേശകരമായ അനുഭവമാക്കി മാറ്റുന്നുണ്ട്.

സണ്‍ പിക്ചേഴ്സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. സെല്‍വരാഘവന്‍, യോഗി ബാബു, റെഡിന്‍ കിംഗ്സ്‍ലി, ജോണ്‍ സുറാവു, വിടിവി ഗണേഷ്, അപര്‍ണ ദാസ്, ഷൈന്‍ ടോം ചാക്കോ, ലില്ലിപ്പുട്ട് ഫറൂഖി, അങ്കൂര്‍ അജിത്ത് വികല്‍ തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം മനോജ് പരമഹംസ, എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍, കലാസംവിധാനം ഡി ആര്‍ കെ കിരണ്‍, വസ്ത്രാലങ്കാരം വി സായ്, പല്ലവി സിംഗ്, മേക്കപ്പ് പി നടരാജന്‍, വിഎഫ്എക്സ് ബിജോയ് അര്‍പ്പുതരാജ്, ഫാന്‍റം എഫ്എക്സ്, സ്റ്റണ്ട് അന്‍പറിവ്, നൃത്തസംവിധാനം ജാനി, ഗോപി പ്രസന്ന.