'ഡോക്ടറി'നു ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രം
വിജയ് (Vijay) നായകനാവുന്ന നെല്‍സണ്‍ ദിലീപ്‍കുമാര്‍ ചിത്രം 'ബീസ്റ്റി'ന്‍റെ (Beast) റിലീസ് സംബന്ധിച്ച് നിര്‍ണ്ണായക അപ്‍ഡേറ്റുമായി നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ്. പുതുവത്സര ആശംസയുമായി പുറത്തിറക്കിയ പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് അപ്‍ഡേറ്റും എത്തിയിരിക്കുന്നത്. ചിത്രം ഏപ്രില്‍ റിലീസ് ആയി തിയറ്ററുകളിലെത്തും എന്നതാണ് അത്. വിജയ്‍യുടെ കഥാപാത്രത്തിന്‍റെ മുഖം ദൃശ്യവല്‍ക്കരിച്ചിരിക്കുന്നതാണ് പുതിയ പോസ്റ്റര്‍.
മാസ്റ്ററിന്‍റെ വിജയത്തിനു ശേഷം വിജയ് നായകനാവുന്ന ചിത്രമാണിത്. കൊവിഡ് ആദ്യ തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരികെയെത്തിച്ച ചിത്രമായിരുന്നു മാസ്റ്റര്‍. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തമിഴില്‍ നിന്നുള്ള ആദ്യ ശ്രദ്ധേയ വിജയം, ശിവകാര്‍ത്തികേയന്‍ നായകനായ 'ഡോക്ടറി'ന്‍റെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ അടുത്ത ചിത്രം എന്ന പ്രത്യേകതയുമുണ്ട്. പൂജ ഹെഗ്‍ഡെയാണ് നായിക. സെല്‍വരാഘവന്‍, യോഗി ബാബു, ജോണ്‍ വിജയ്, ഷാജി ചെന്‍, വിടിവി ഗണേഷ് തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ഷൈന്‍ ടോം ചാക്കോയും അപര്‍ണ്ണ ദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. ഷൈനിന്‍റെ തമിഴ് അരങ്ങേറ്റം കൂടിയാണ് ഇത്.
മനോജ് പരമഹംസയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍, സംഗീതം അനിരുദ്ധ് രവിചന്ദര്‍. ചെന്നൈയിലും ജോര്‍ജിയയിലുമായിട്ടായിരുന്നു ചിത്രത്തിന്‍റെ പ്രധാന ചിത്രീകരണം. ഈ മാസം 11നാണ് വിജയ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.
