കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദ​ഗതിക്കെതിരായി രാജ്യത്ത് പ്രതിഷേധം ശക്തമാണ്. സാമൂഹിക-സാസ്കാരിക-രാഷ്ട്രീയ-ചലച്ചിത്ര രംഗത്തുനിന്നുള്ള പ്രമുഖർ പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തി. പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലയാള സിനിമയിലെ നിരവധി താരങ്ങളും അണിനിരന്നിരുന്നു.

പാര്‍വ്വതി തിരുവോത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പല്ലിശേരി, പൃഥ്വിരാജ് സുകുമാരന്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ആഷിഖ് അബു, ടോവിനോ തോമസ്, റിമാ കല്ലിങ്കല്‍, ഷെയിന്‍ നിഗം, ആന്റണി വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍ തുടങ്ങിയ താരങ്ങളെല്ലാം ഒറ്റക്കെട്ടായി സമരത്തെ പിന്തുണച്ചിരുന്നു. ബോളിവുഡ് താരങ്ങളായ ടിംപിൾ ഖന്ന, സ്വര ഭാസ്കർ, അനുരാ​ഗ് കശ്യപ് തുടങ്ങയവരും പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ഒന്നിച്ച് അണിനിരക്കുകയാണ് ബംഗാളി കലാകാരന്‍മാര്‍. അഭിനേതാക്കളും സംവിധായകരും സംഗീതജ്ഞരും അണിനിരന്ന വീഡിയോയിലൂടെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അരങ്ങേറിയത്. പൗരത്വം തെളിയിക്കാന്‍ കേന്ദ്രം ആവശ്യപ്പെടുന്ന ഒരു രേഖയും തങ്ങള്‍ ഹാജരാക്കില്ലെന്ന് വീഡിയോയിലൂടെ താരങ്ങൾ വ്യക്തമാക്കി. 'ഒരു രേഖയും കാണിക്കില്ലെന്ന്' ബംഗാളി ഭാഷയില്‍ പ്രഖ്യാപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

അഭിനേതാക്കളായ ധ്രിതിമാൻ ചാറ്റർജി, സബ്യാസാച്ചി ചക്രവർത്തി, കൊങ്കണ സെൻ ശർമ്മ, നന്ദന സെൻ, സ്വസ്തിക മുഖർജി, സംവിധായകന്‍ സുമന്‍ മുഖോപാധ്യായ, ​ഗായകൻ രുപം ഇസ്ലാം തുടങ്ങിയ പന്ത്രണ്ടോളം പ്രമുഖര്‍ വ്യക്തിത്വങ്ങൾ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ അണിനിരന്നു.

രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ തങ്ങൾ അസ്വസ്ഥരാണ്. പൗ​രത്വ ഭേദ​ഗതിക്കും പൗരത്വം രജിസ്റ്ററിനുമെതിരെ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. ഏറ്റവും ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നതിനാലാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധസൂചകമായി വീഡിയോ പങ്കുവച്ചതെന്ന് താരങ്ങൾ പറഞ്ഞു. നിരവധി പേരാണ് വീഡിയോ സമൂഹമാധ്യമങ്ങൾ ഷെയർ ചെയ്യുന്നത്.