ബെംഗ്ളൂരു: ബെംഗ്ളൂരു മയക്കുമരുന്ന് കേസില്‍ രാഷ്ട്രീയ സിനിമാ മേഖലയിലെ പ്രമുഖരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് എഫ്ഐആർ. ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിയുടെ ബന്ധുവായ ആദിത്യയും വിവിധ രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളും പ്രതിപ്പട്ടികയിലുണ്ട്. അതേസമയം സിനിമാ മേഖലയിലെ കൂടുതല്‍ പ്രമുഖരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിസിബി നോട്ടീസ് നല്‍കി. രണ്ട് കന്നഡ നടിമാർക്കാണ് തിങ്കളാഴ്ച ഹാജരാകാന്‍നോട്ടീസ് നല്‍കിയത്. 

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ അന്വേഷണവും സമാന്തരമായി പുരോഗമിക്കുന്നുണ്ട്. നഗരത്തില്‍ വിവിധയിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എന്‍സിബി പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെടുത്തു. അനിഖയെ അനൂപിന് പരിചയപ്പെടുത്തിയ ജിംറീന്‍ ആഷിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സൂചനകളുണ്ട്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് എന്‍സിബി പ്രതികരിച്ചിട്ടില്ല.