സൂപ്പര്‍താരങ്ങള്‍ അവതരിപ്പിച്ച ചില ജനപ്രിയ കഥാപാത്രങ്ങള്‍, ആ ചിത്രങ്ങളില്‍ അവര്‍ ഉപയോഗിച്ച വാഹനങ്ങള്‍ കൊണ്ടും ശ്രദ്ധ നേടാറുണ്ട്. മോഹന്‍ലാല്‍ കഥാപാത്രങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ അത്തരത്തില്‍ വേഗത്തില്‍ പലരുടേയും മനസിലെത്തുന്ന കഥാപാത്രം 'സ്ഫടിക'ത്തിലെ ആടുതോമ ആയിരിക്കും. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന ലോറിയുടെ പേര് തന്നെ ചിത്രത്തിന്‍റെ കഥാഗതിയില്‍ നിര്‍ണ്ണായക സ്ഥാനമുള്ള ഒന്നാണ്. ആദ്യം 'ചെകുത്താന്‍' എന്ന പേരില്‍ നമ്മള്‍ കാണുന്ന ലോറി അവസാനം 'സ്ഫടികം' എന്നു പേര് മാറ്റുകയാണ്. ഇപ്പോഴിതാ മറ്റൊരു സിനിമയിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ വാഹനം ചിത്രീകരണസമയത്തു തന്നെ ശ്രദ്ധ നേടുകയാണ്.

'ദൃശ്യം 2'നു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന 'ആറാട്ടി'ല്‍ 'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രം ഉപയോഗിക്കുന്ന വാഹനമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 'രാജാവിന്‍റെ മകനി'ലെ സംഭാഷണത്തിലൂടെ ഹിറ്റ് ആയ ഫോണ്‍ നമ്പരായ '2255' ആയിരിക്കും ആറാട്ടിലെ കഥാപാത്രം ഉപയോഗിക്കുന്ന ബെന്‍സ് കാറിന്‍റെ നമ്പരെന്നത് നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രം ഉപയോഗിക്കുന്ന പഴയ ബെന്‍സ് കാറിന്‍റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. 'കെഎല്‍വി 2255' എന്നതാണ് മുഴുവന്‍ നമ്പര്‍.

'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. കറുത്ത നിറത്തിലുള്ള വിന്‍റേജ് ബെന്‍സ് കാറിലാണ് ഗോപന്‍റെ സഞ്ചാരം. ഏറെ പ്രാധാന്യത്തോടെയാണ് ഈ വാഹനം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'പുലിമുരുകന്' ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനുവേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രവുമാണ് 'ആറാട്ട്'. 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാണ് ഇത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്.