വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്

ദിലീപ് ആരാധകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ഭഭബ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് താര ദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിതാരമായി എത്തുമെന്നാണ് ഏറെക്കാലമായുള്ള പ്രചരണം. ഇത് സംഭവിക്കുമെന്നും സിനിമാപ്രേമികള്‍ പ്രതീക്ഷിക്കുന്നു. മോഹന്‍ലാലിന്‍റെ സാധ്യതയുള്ള സാന്നിധ്യത്തിനൊപ്പം കൗതുകകരമായ മറ്റൊരു റെഫറന്‍സും ചിത്രത്തില്‍ ഉണ്ട്. കേരളത്തില്‍ ഏറെ ആരാധകരുള്ള തമിഴ് ചലച്ചിത്ര താരം വിജയ്‍യുടെ റെഫറന്‍സ് ആണ് അത്.

ദിലീപിന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നേരത്തെ എത്തിയ പോസ്റ്ററില്‍ ഒരു ജീപ്പ് ഉണ്ടായിരുന്നു. ടിഎന്‍ 59- 100 എന്നായിരുന്നു അതിന്‍റെ നമ്പര്‍. ഇതേ നമ്പറില്‍ സമാന വാഹനം വിജയ് ഒരു ചിത്രത്തില്‍ ഉപയോ​ഗിച്ചിട്ടുണ്ട്. ധരണിയുടെ സംവിധാനത്തില്‍ വിജയ് നായകനായി 2004 ല്‍ പുറത്തെത്തിയ ​ഗില്ലി എന്ന ചിത്രത്തിലാണ് ഈ നമ്പരുള്ള വാഹനം ഉള്ളത്. ഇപ്പോഴിതാ വിജയ്‍യുടെ പിറന്നാള്‍ ദിനത്തില്‍ ഈ വാഹനത്തിന്‍റേത് മാത്രമായ ഒരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഭഭബ ടീം. വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടുള്ള കുറിപ്പില്‍ വിജയ് ഫാന്‍സിനുള്ള ട്രീറ്റ് ആയിരിക്കും ചിത്രമെന്നും ദിലീപ് പറയുന്നുണ്ട്.

വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി നേരത്തെ പ്രവർത്തിച്ചിട്ടുള്ളയാളാണ് ഭഭബയുടെ സംവിധായകൻ ധനഞ്ജയ് ശങ്കര്‍. വമ്പൻ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിൽ തമിഴ് സിനിമകളിലെ നൃത്ത സംവിധായകനും നടനുമായ സാന്‍ഡി മാസ്റ്ററും കോമേഡിയൻ റെഡിന്‍ കിങ്സ്‌ലിയും അഭിനയിക്കുന്നുണ്ട്. ബാലു വർഗീസ്, ബൈജു സന്തോഷ്‌, സിദ്ധാർഥ് ഭരതൻ, ശരണ്യ പൊൻവർണ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. മാസ് എന്റർടെയ്നർ ​ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇതെന്നാണ് ലഭ്യമാകുന്ന വിവരം. കോ പ്രൊഡ്യൂസേര്‍സ് വി സി പ്രവീണ്‍, ബൈജു ഗോപാലൻ, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി.

Asianet News Live | Israel Iran Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking News