'അന്ന് 40 ആടുകളെങ്കില്‍ ഇന്ന് 500'; പുതിയ 'സ്ഫടിക'ത്തില്‍ കൂട്ടിച്ചേര്‍ത്ത എട്ടര മിനിറ്റിനെക്കുറിച്ച് ഭദ്രന്‍
"എട്ട് ദിവസത്തോളം ആര്‍ട്ടിസ്റ്റുകള്‍ ഇല്ലാതെ ഷൂട്ടിംഗ് എന്‍റെ മേല്‍നോട്ടത്തില്‍ നടത്തി"

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളില്‍പ്പെട്ട സ്ഫടികം ഡിജിറ്റല്‍ റീമാസ്റ്ററിംഗ് പൂര്‍ത്തിയാക്കി റീ റിലീസിന് ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ ആരാധകരുടെയും സംവിധായകന്‍ ഭദ്രന്‍റെയും ദീര്‍ഘകാലത്തെ ആഗ്രഹമാണ് ഫെബ്രുവരി 9 ന് സഫലമാവുന്നത്. സിനിമാപ്രേമികള്‍ക്കിടയില്‍ കള്‍ട്ട് പദവി തന്നെ നേടിയിട്ടുള്ള ചിത്രം തിയറ്ററില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു തലമുറയ്ക്കും അതിന് അവസരം ലഭിക്കുമെന്നതാണ് ഈ റീ റിലീസിലെ പ്രധാന സവിശേഷത. പഴയ സിനിമയ്ക്ക് മിഴിവ് പതിന്മടങ്ങ് വര്‍ധിച്ചതോടൊപ്പം ചില രംഗങ്ങള്‍ 4കെ പതിപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുമുണ്ടെന്ന് സംവിധായകന്‍ ഭദ്രന്‍ പറയുന്നു.
ഡോള്‍ബി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മിഴിവേകാന്‍ കൂടുതല്‍ ഷോട്ടുകള്‍ സ്ഫടികത്തില്‍ ചേര്‍ത്തിട്ടുണ്ട്. എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടിയ സ്ഫടികമാണ് ഇനി കാണാന്‍ പോകുന്നത്. അതിനായി എട്ട് ദിവസത്തോളം ആര്‍ട്ടിസ്റ്റുകള്‍ ഇല്ലാതെ ഷൂട്ടിംഗ് എന്‍റെ മേല്‍നോട്ടത്തില്‍ നടത്തി. പഴയ സ്ഫടികത്തില്‍ തോമയുടെ ഇന്‍ട്രോ ആട്ടിന്‍കൂട്ടത്തില്‍ നിന്ന് ഒരു ആട്ടിന്‍കുട്ടിയെ പിടിച്ച് കൊന്ന് ചങ്കിലെ ചോര കുടിക്കുന്നതാണ്. അന്ന് 40 ആടുകളെയാണ് ഉപയോഗിച്ചത്. ഇന്നത് 500 ആടുകളെവച്ച് റീഷൂട്ട് ചെയ്തു. ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ജിയോമെട്രിക്സ് എന്ന കമ്പനി വഴി ഏകദേശം രണ്ട് കോടി രൂപയോളം ചെലവിട്ടാണ് വീണ്ടും സ്ഫടികം തിയറ്ററുകളില്‍ എത്തിക്കുന്നത്, മനോരമ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഭദ്രന്‍ പറഞ്ഞു.
ALSO READ : ജനപ്രീതിയില്‍ മുന്നിലാര്? മലയാളം നായക നടന്മാരുടെ കഴിഞ്ഞ വര്‍ഷത്തെ ടോപ്പ് 5 ലിസ്റ്റ്
1995 ല്‍ തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, തിലകന്‍, നെടുമുടി വേണു, ഉര്‍വ്വശി തുടങ്ങി പ്രതിഭാധനരായ ഒരുപിടി അഭിനേതാക്കളുടെ മികച്ച കഥാപാത്രങ്ങളും പ്രകടനങ്ങളുമാണ്. റീ റിലീസിന് ചിത്രം എത്തുമ്പോള്‍ അഭിനേതാക്കളിലും സാങ്കേതിക പ്രവര്‍ത്തകരിലും ഉള്‍പ്പെട്ട പലരും ഇല്ല എന്നത് മറ്റൊരു യാഥാര്‍ഥ്യം. റീ റിലീസിനോട് അനുബന്ധിച്ച് ഓര്‍മ്മകളില്‍ സ്ഫടികം എന്ന പരിപാടി കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൌണ്ടില്‍ ഇന്ന് നടക്കും.