പ്രേക്ഷകര്‍ ഒന്നടങ്കം ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയാണ്  സ്ഫടികം. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആട് തോമയും തിലകന്‍ വേഷമിട്ട ചാക്കോ മാഷും ഇന്നും സിനിമാ പ്രേമികളുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞുകിടപ്പുണ്ട്. സ്ഫടികം റിലീസ് ചെയ്തതിന്‍റെ 24-ാം വാര്‍ഷികം ആഘോഷിക്കുകയുടെ മലയാള സിനിമ.

അതിനിടെ ചിത്രത്തിന്റെ രണ്ടാം ഭാഗമെന്ന പേരില്‍ ബിജു കെ കട്ടക്കല്‍ സ്ഫടികം 2 ഇരുമ്പന്‍ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ സ്ഫടികത്തിലൂടെ സിനിമ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയ ഭദ്രന്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തുകയാണ്. സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ലെന്ന് ആദ്ദേഹം സ്ഥിരീകരിച്ചു.

ഒപ്പം ആരാധകര്‍ക്കായി ഒരു വമ്പന്‍ പ്രഖ്യാപനവും ഭദ്രന്‍ നടത്തിയിട്ടുണ്ട്. അടുത്ത വർഷം സിനിമയുടെ 25-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്നാണ് ഭദ്രന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഫടികം തീയറ്ററില്‍ കാണാന്‍ അവസരം ലഭിക്കാതെ വലിയ ഒരു വിഭാഗം മോഹന്‍ലാല്‍ ആരാധകര്‍ വലിയ ആവേശത്തോടെയാണ് ഈ പ്രഖ്യാപനം സ്വീകരിച്ചിരിക്കുന്നത്. 

ഭദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

 

സ്ഫടികം ഒരു നിയോഗമാണ് ഞാൻ വളർന്ന നാടും, നാട്ടുകാരും എന്റെ മാതാപിതാക്കളും , ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാർ . അത് എനിക്ക് മുന്നിൽ ഇണങ്ങി ചേർന്നിരുന്നില്ലെങ്കിൽ സ്ഫടികം സംഭവിക്കുമായിരുന്നില്ല.

നിങ്ങൾ ഹൃദയത്തിലേറ്റിയ സ്ഫടികം സിനിമ റിലീസിംഗിന്റെ 24-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ സിനിമയെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ പ്രേക്ഷകർക്ക് വലിയ സന്തോഷം നൽക്കുന്ന ഒരു വാർത്ത നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.

സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല ,എന്നാൽ ആടുതോമയും ചാക്കോ മാഷും റെയ് ബാൻ ഗ്ലാസ്സും ഒട്ടും കലർപ്പില്ലാതെ ,നിങ്ങൾ സ്നേഹിച്ച സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ ,അടുത്ത വർഷം ,സിനിമയുടെ റിലീസിംഗിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.

ഭൂമിയുള്ളടത്തോളം കാലം നിങ്ങളുടെ സ്ഫടികം നമ്മോടൊപ്പം ജീവിക്കും....

" ഇന്നും സൂര്യനേ പോലെ കത്തി ജ്വലിക്കുന്നു. "