ദില്ലിയിലെ വിദ്യാര്‍ഥി സമരത്തെക്കുറിച്ചുള്ള പേളി മാണിയുടെ പ്രതികരണത്തെ രൂക്ഷമായി വിമർശിച്ച് ഭാഗ്യലക്ഷ്‍മി.

ദില്ലിയിലെ വിദ്യാര്‍ഥി സമരത്തെക്കുറിച്ച് അഭിപ്രായം പങ്കുവച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ പേളി മാണിക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. രണ്ട് ഭാഗങ്ങളും ബാലന്‍സ് ചെയ്ത് എങ്ങും തൊടാതെയുള്ള പ്രതികരണമാണ് നടത്തിയത് എന്നായിരുന്നു വിമര്‍ശനം. ഇപ്പോഴിതാ ഇതില്‍ പേളിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. നാളെ പേളിയുടെ മക്കള്‍ കൂടി അനുഭവിക്കേണ്ട ചില കാര്യങ്ങള്‍ക്കു വേണ്ടിയാണ് ദില്ലിയില്‍ വിദ്യാര്‍ഥികള്‍ സമരം ചെയ്തതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. കാവിയാണ് തന്‍റെ ഇഷ്ടനിറമെന്ന് പേളി പറഞ്ഞതിന് കാരണമുണ്ടെന്നും.

“പേളി മാണിയുടെ സ്റ്റേറ്റ്‍മെന്‍റ് നോക്കൂ. എന്തൊരു നിരുത്തരവാദപരമായ സ്റ്റേറ്റ്‍മെന്‍റ് ആണ് പേളി പറഞ്ഞത്. പേളിക്ക് രണ്ട് കുട്ടികളുണ്ട്. നാളെ പേളിയുടെ മക്കളും അനുഭവിക്കേണ്ട ഒരു അവസ്ഥ വരാതിരിക്കാനാണ് ഈ കുട്ടികൾ സമരം ചെയ്തത്. അതുപോലും മനസിലാകാതെ വീട്ടിൽ പോ പിള്ളരെ എന്ന് പറയുന്നത് രാഷ്ട്രബോധവും സാമൂഹിക ബോധവും ഇല്ലാത്തതു കൊണ്ടാണ്. ഇതെല്ലാത്തിനും അപ്പുറം ഒന്നിനെക്കുറിച്ചും ഒരു ബോധമില്ല എന്നാണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്. പേളിയെ എനിക്ക് നന്നായിട്ട് അറിയാം. എനിക്ക് ഇഷ്ടമുള്ള കുട്ടിയാണ്, നല്ല കുട്ടിയാണ്, അതൊക്കെ ശരിയാണ്. പക്ഷേ ചില കാര്യങ്ങളിൽ നമുക്ക് ചില ബോധം വേണം പേളി. എന്താണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്, ആരാണ് ശരി, ആരാണ് തെറ്റ് എന്നൊക്കെ നമ്മള്‍ മനസിലാക്കണം. ഇത് നമ്മൾ ദൈനംദിനം വാർത്തകൾ കണ്ടും പത്രം വായിച്ചും അല്ലെങ്കിൽ ചരിത്രം പഠിച്ചും മാത്രമേ നമുക്ക് മനസിലാവൂ”, ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍.

“നമ്മൾ ഭയങ്കര കംഫർട്ടബിൾ ആയിരിക്കും. കാരണം നമുക്ക് ഇഷ്ടംപോലെ പണം വരുന്നുണ്ട്, പല കാറുകൾ വാങ്ങുന്നുണ്ട്, പലയിടത്തും വീട് വാങ്ങുന്നു, നമ്മുടെ കുട്ടികൾ നല്ല വസ്ത്രം ധരിക്കുന്നു, നല്ല ഭക്ഷണം കഴിക്കുന്നു, എല്ലാം കൊണ്ടും നമ്മൾ ഭയങ്കര പെർഫെക്റ്റ് ആണ്. നമ്മൾ കംഫർട്ടബിൾ ആണ്. അപ്പോള്‍ സ്വാർത്ഥരുമാണ്. പേളി വിചാരിച്ച ഒരു ലോകം ഉണ്ട്. അതായത് പേളി വീഡിയോ ചെയ്യുമ്പോൾ അവിടെ ഇരുന്ന് കുറേ തമാശകൾ പറയും. ഈ തമാശകൾക്ക് ചിരിക്കുന്ന കുറെ ആൾക്കാർ ഉണ്ടായിരിക്കാം. അത് തെറ്റെന്ന് ഞാൻ പറയുന്നില്ല. ചിരിച്ചോട്ടെ, തമാശ പറഞ്ഞോട്ടെ. അതിന് അർത്ഥമുണ്ടോ, അർത്ഥമില്ലേ, എന്തിനാണ് ഈ പറയുന്നത്, എന്തിനാ ചിരിക്കുന്നത് എന്ന് പലപ്പോഴും നമ്മളും ചിന്തിക്കാറുണ്ട്. പക്ഷേ അതിനപ്പുറം നമുക്ക് ചുറ്റിലും കുറെ മനുഷ്യരുണ്ട്. ജീവിക്കാൻ പാടുപെടുന്ന മനുഷ്യർ. തന്റെ സ്വപ്നങ്ങളിലേക്ക്, തന്റെ ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കാതെ ദൈനംദിനം ഈ സമൂഹത്തിലെ അഴിമതിക്കുള്ളിൽ പെട്ട് നരകവേദന അനുഭവിക്കുന്ന ഒരു വലിയ സമൂഹം ഉണ്ട്.”

“പേളി ഇവിടെ ഏതെങ്കിലും ഒരു കാര്യത്തിന് സർക്കാർ ഓഫീസുകളിൽ ചെന്ന്- രാജ്യമൊട്ടാകയാണ് ഞാൻ പറയുന്നത്- ക്യൂ നിന്നിട്ടുണ്ടോ. സർക്കാർ ആശുപത്രികളിൽ ചെന്ന് ക്യൂവിൽ നിന്നിട്ടുണ്ടോ. അതൊക്കെ ജീവിതത്തിൽ അനുഭവിച്ചവർ ഒരിക്കലും ഇങ്ങനെ സമരം ചെയ്യുന്നവരെ ഇത്ര പരമപുച്ഛത്തോടുകൂടി അവഹേളിക്കില്ലായിരുന്നു. ഈ സമരം നാളെ പേളിയുടെ മക്കൾക്ക് പഠിക്കേണ്ട ഒരു സമരമാണ്, അവർ തിരിച്ചറിയേണ്ട ഒരു സമരമാണ്. ഒരുപക്ഷേ ഇന്ന് ഈ സമരത്തിന്റെ വിജയത്തിനൊടുവിൽ അവർക്ക് സർക്കാർ നൽകിയ ചില വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടാൽ അതിൻറെ ഗുണഭോക്താവ് എന്ന് പറയുന്നത് പേളിയുടെ കുട്ടികളും കൂടിയാണ്. ഇവിടെ ചില ആളുകളുണ്ട്. സമരക്കാരെയൊക്കെ ചീത്ത വിളിക്കും. എന്നിട്ട് ആ സമരം ചെയ്തവർ നേടിതന്ന ആനുകൂല്യങ്ങൾ എല്ലാം ഒരു ബുദ്ധിമുട്ടും ഇല്ലാതെ അങ്ങ് അനുഭവിക്കും.”

“നമ്മുടെ ആളുകളുടെ ഒരു സ്വഭാവമാണ്. മറക്കില്ല. എത്ര കാലമായാലും പേളിയുടെ വീഡിയോയ്ക്ക് താഴെ വന്ന് ഒരാളെങ്കിലും ഇത് എഴുതാതെ പോവുകയില്ല. അതാണ് ചരിത്രത്തിൽ രേഖപ്പെടുത്തുക എന്ന് പറയുന്നത്. അത് പേളി രേഖപ്പെടുത്തി. ഞാൻ ഇങ്ങനെ ഒരാളാണ്, എൻറെ നിലപാട് സേഫ്റ്റിയോടൊപ്പമാണ്. അതാണ് പേളി ഒരു കാര്യവുമില്ലാതെ തനിക്ക് ഇഷ്ടപ്പെട്ട നിറം കാവിയാണ് എന്ന് പറഞ്ഞത്. ബുദ്ധിയും വിവരവുമുള്ള കുഞ്ഞുങ്ങളായാണ് പേളിയുടെ മക്കൾ നാളെ വളർന്നു വരുന്നതെങ്കിൽ അവര്‍ നാളെ ചോദിക്കും അമ്മ എന്തൊരു മണ്ടത്തരമാണ് പറഞ്ഞത് എന്ന്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അനുകൂലിച്ചതിനെയല്ല ഞാന്‍ പറയുന്നത്. അത് അനുകൂലിച്ചോളൂ. പക്ഷേ പ്രത്യക്ഷത്തിൽ നമുക്കൊരു രാഷ്ട്രീയം ഉണ്ടെങ്കിൽ പോലും നമ്മൾ നാളേയ്ക്ക് വേണ്ടി പോരാടുന്നവരോടൊപ്പം നിൽക്കുക എന്നുള്ളത് ഈ രാജ്യത്തെ ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്”, ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming