തിയേറ്ററുകളിൽ മികച്ച വിജയം നേടിയ 'ഭരതനാട്യം' സിനിമയുടെ രണ്ടാം ഭാഗമായ 'മോഹിനിയാട്ടം' ഒടിടി റിലീസിന് ഒരുങ്ങുന്നു

ഒരിടവേളയ്ക്ക് ശേഷം കോമഡിക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ തിയറ്ററുകളില്‍ മികച്ച പ്രതികരണം നല്‍കുന്ന കാലമാണ് ഇത്. എന്നാല്‍ കോമഡി ഉണ്ട് എന്നതുകൊണ്ട് ഒരു ചിത്രവും വിജയിക്കുന്നില്ല. മറിച്ച് അവതരണത്തില്‍ എന്തെങ്കിലും പുതുമയും മികച്ച പാക്കേജിംഗും വേണം. അത്തരത്തില്‍ സമീപകാലത്ത് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു മോഹിനിയാട്ടം. 2024 ല്‍ തിയറ്ററുകളിലെത്തിയ ഭരതനാട്യത്തിന്‍റെ രണ്ടാം ഭാഗം ആയാണ് മോഹിനിയാട്ടം എത്തിയത്. ഏപ്രില്‍ 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. വലിയ പ്രീ റിലീസ് ഹൈപ്പോ സ്ക്രീന്‍ കൗണ്ടോ ഇല്ലാതെ എത്തിയ ചിത്രമാണെങ്കിലും ആദ്യ ഷോകള്‍ക്കിപ്പുറം മികച്ച അഭിപ്രായം നേടാന്‍ ചിത്രത്തിനായി. ഇപ്പോഴിതാ ചിത്രം ഒടിടി പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് മോഹിനിയാട്ടം എത്തുക. വരുന്ന വെള്ളിയാഴ്ച, മെയ് 8 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. തിയറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രമാണെങ്കിലും ഒടിടിയിലൂടെ പല മടങ്ങ് വലിയ പ്രേക്ഷകവൃന്ദമാണ് ചിത്രം കാണാന്‍ ഒരുങ്ങുന്നത്. ഭരതനാട്യം കോമഡി ഡ്രാമ ചിത്രമായിരുന്നുവെങ്കില്‍ സീക്വല്‍ ആയ മോഹിനിയാട്ടം ഡാര്‍ക് കോമഡി ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രമാണ്. ഭരതനാട്യം സംവിധാനം ചെയ്ത കൃഷ്ണദാസ് മുരളി തന്നെയാണ് മോഹിനിയാട്ടവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ രചനയും സംവിധാനവും കൃഷ്ണദാസ് മുരളിയാണ്. കോ റൈറ്റര്‍ ആയി വിഷ്ണു ആര്‍ പ്രദീപും ഉണ്ട്.

ഒടിടിയിലൂടെ പില്‍ക്കാലത്ത് ജനപ്രീതി നേടിയെങ്കിലും ഭരതനാട്യം ഒരു ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നില്ല. അണിയറക്കാരുടെ ആ വിഷമം ഇക്കുറി തീര്‍ത്ത് കൊടുത്തിരുന്നു പ്രേക്ഷകര്‍. ഡാര്‍ക് കോമഡി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം തിയറ്ററില്‍ ചിരി പൊട്ടിച്ചു. അവധിക്കാലത്ത് കുടുംബസമേതം കാണാന്‍ പറ്റിയ രസകരമായ ചിത്രം എന്നത് കളക്ഷനിലും പ്രതിഫലിച്ചിരുന്നു. ഇപ്പോഴും ബുക്ക് മൈ ഷോയിലെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഈ ചിത്രമുണ്ട്. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്‌, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ്‌ ഗുരുവായൂർ, നിസ്‌താർ സേട്ട് എന്നിവരാണ് പ്രധാന താരങ്ങള്‍.

Asianet News Live | Kerala Assembly Election Results Live 2026 | Malayalam Breaking News | HD Live