രസകരമായ ഒരു പ്ലോട്ടിനെ അധികം ഏച്ചുകെട്ടലുകളില്ലാതെ ലളിതവും രസകരമായും അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍

പുതുകാലത്ത് പ്രേക്ഷകരെ ചിരിപ്പിക്കുക പ്രയാസമാണെന്ന് സിനിമാപ്രവര്‍ത്തകര്‍ പറയാറുണ്ട്. മാറിയ കാലത്തിന്‍റെ സെന്‍സിബിലിറ്റിക്കൊപ്പം നില്‍ക്കുന്ന, പ്രേക്ഷകരുടെ ബുദ്ധിയെ ബഹുമാനത്തോടെ കാണുന്ന ചിത്രങ്ങള്‍ മാത്രം വിജയിക്കുന്ന സാഹചര്യത്തില്‍ തിയറ്ററുകളില്‍ കൈയടി നേടുകയാണ് ഭരതനാട്യം എന്ന ചിത്രം. സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഓഗസ്റ്റ് 30 നാണ് തിയറ്ററുകളില്‍ എത്തിയത്. ക്ലീന്‍ ഫാമിലി എന്‍റര്‍ടെയ്നര്‍ എന്ന അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

രസകരമായ ഒരു പ്ലോട്ടിനെ അധികം ഏച്ചുകെട്ടലുകളില്ലാതെ ലളിതവും രസകരമായും അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍. സൈജു കുറുപ്പ് ആണ് നായകനെങ്കിലും സായ് കുമാര്‍ ആണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രം. ഭരതന്‍ എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. ഒരു കൂട്ടുകുടുംബത്തില്‍ സാധാരണമായ തട്ടലും മുട്ടലുമൊക്കെയുണ്ടെങ്കിലും അല്ലലില്ലാതെ കഴിയുന്ന ഭരതന്‍ ഒരിക്കല്‍ ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുകയാണ്. അത് മറ്റ് കുടുംബാംഗങ്ങള്‍ക്കും ഒരു തീരാ തലവേദനയായി മാറുന്നു. ഈ സാഹചര്യത്തെ അവര്‍ എങ്ങനെ നേരിടുന്നു എന്നാണ് ചിത്രം പറയുന്നത്.

കോമഡി എന്‍റര്‍ടെയ്നര്‍ ആണെങ്കിലും സീനുകളിലെ സൂക്ഷ്മാംശങ്ങളില്‍ ശ്രദ്ധിച്ചുകൊണ്ടാണ് കൃഷ്ണദാസ് മുരളിയുടെ സംവിധാനം. കലാരഞ്ജിനി, സോഹൻ സീനുലാൽ, മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, ശ്രീജ രവി, ദിവ്യാ എം നായർ, ശ്രുതി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണം ബബിലു അജു, എഡിറ്റിംഗ് ഷഫീഖ് വി ബി, ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം സാമുവൽ എബി. സാധാരണക്കാരായ കഥാപാത്രങ്ങളായി എപ്പോഴും തിളങ്ങാറുള്ള സൈജു കുറുപ്പ് ശശി എന്ന കഥാപാത്രമായി ഭരതനാട്യത്തിലും കൈയടി വാങ്ങുന്നുണ്ട്. 

ALSO READ : 'വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സു'മായി സോഫിയ പോള്‍; ആദ്യ ചിത്രത്തില്‍ നായകന്‍ ധ്യാന്‍

Bharathanatyam Trailer | Saiju Kurup | Saikumar | Thomas Thiruvalla | Krishnadas Murali | 30 Aug '24