Asianet News MalayalamAsianet News Malayalam

Bhavana : അഞ്ച് വർഷത്തിന് ശേഷം ഭാവനയുടെ തിരിച്ചുവരവ്; 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' വരുന്നു

ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്.

bhavana come-back in malayalam cinema after 5 years
Author
Kochi, First Published Mar 16, 2022, 12:08 PM IST

ടി ഭാവന(Bhavana) മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. നീണ്ട അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഭാവനയുടെ തിരിച്ചുവരവ്. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'(Ntikkakkaakoru Premandaarnnu) എന്നാണ് ചിത്രത്തിന്റെ പേര്. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫാണ് സംവിധായകൻ. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അരുണ്‍ റുഷ്ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് രചനയും എഡിറ്റിംഗും നിര്‍വഹിക്കുന്നത്. തിരക്കഥയില്‍ കൂടെ പ്രവര്‍ത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. മമ്മൂട്ടി -പാര്‍വതി തിരുവോത്ത് കൂട്ടുകെട്ടില്‍ എത്തുന്ന പുഴു എന്ന സിനിമയുടെ സഹനിര്‍മ്മാതാവ് കൂടിയാണ് റെനീഷ്.

കന്നഡ ചിത്രം ബജ്‌റംഗി സെക്കന്‍ഡ് ആണ് ഭാവനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. മലയാളത്തില്‍ ജിനു എബ്രഹാം സംവിധാനം ചെയ്ത ആദം ജോണിലാണ് ഭാവന ഒടുവില്‍ അഭിനയിച്ചത്. 96 കന്നഡ റീമേക്കിലും ഭാവനയായിരുന്നു നായിക. 

Read Also: ‌Bhavana : 'കള്ളക്കേസ് എന്നുവരെ പ്രചരണമുണ്ടായി'; അന്തിമഫലം വരെ പോരാടുമെന്നും ഭാവന

'ആരോപണം തെറ്റ്, ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങള്‍'; മറുപടിയുമായി ദിലീപ്

കൊച്ചി: ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം തെറ്റാണെന്ന വാദവുമായി നടൻ ദിലീപ് (Dileep) രം​ഗത്തെത്തി. തന്റെ ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങള്‍ ആണ്. കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങളാണ് കളഞ്ഞിട്ടുള്ളത്.  ഫോറന്‍സിക് റിപോര്‍ട്ടില്‍ (Forensic Report)  ഒന്നും കണ്ടെത്തിയിട്ടില്ല എന്നും ദിലീപ് സത്യവാങ്മൂലം നൽകി. 

നടി ആക്രമിക്കപ്പെട്ട കേസിൽ എഫ്എ ഐആർ റദ്ദാക്കണമെന്ന ഹർജിയില്‍ ഹൈക്കോടതിയിലാണ് ദിലീപിന്‍റെ വിശദീകരണം. ഫോറന്‍സിക് റിപോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ലാബില്‍ നിന്ന് പിടിച്ചെടുത്ത മിറര്‍ ഇമേജും ഫോറന്‍സിക് റിപോർട്ടും തമ്മില്‍ വ്യത്യാസമില്ലെന്നും ദിലീപ് പറയുന്നു.  

"ദാസന്‍റെ മൊഴി വാസ്തവിരുദ്ധം"

വീട്ടിലെ സഹായിയായിരുന്ന  ദാസന്‍റെ മൊഴി വാസ്തവവിദ്ധമെന്നും ദീലീപ് പറയുന്നു. ദാസന്‍ ഓഫിസിലെത്തിയെന്ന് പറയുന്ന ദിവസം അഭിഭാഷകന് കൊവിഡ് ആയിരുന്നു എന്നും ദിലീപ് കോടതിയെ അറിയിച്ചു.കൊവിഡ് സര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാക്കി. ദാസന്‍  2020 ഡിസംബർ 26ന് ദിലീപിന്‍റെ വീട്ടിലെ ജോലി ഉപേക്ഷിച്ചു.  2021 ഓക്ടോബര്‍ 26 ന് ദാസന്‍ വീട്ടിലെ സംസാരം കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്‍റെ മൊഴി. 

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ദിലീപിന്റെ ഫോൺ രേഖകൾ മായ്ച്ചത് അഭിഭാഷകന്റെ ഓഫീസിൽ വച്ചാണെന്ന് ഫോറൻസിക് പരിശോധയിൽ കണ്ടെത്തി. ദിലീപിന്റെ അഭിഭാഷകർ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കുന്നു എന്ന് കാട്ടി അതീജിവിത ബാർകൗൺസിലിൽ പരാതി നൽകിയിട്ടുണ്ട്. 

ദിലീപിന്റെ ഫോൺ രേഖകൾ മായ്ക്കാൻ കൊച്ചിയിലെ അഭിഭാഷകൻ ഓഫീസിലെ വൈ ഫൈ ഉപയോഗിച്ചെന്നാണ് ഫോറൻസിക് പരിശോധയിൽ കണ്ടെത്തിയത്. സ്വകാര്യ ഫോറൻസിക് വിദഗ്ധൻ സായിശങ്കർ ഈ ഓഫിസിൽ വെച്ചാണ് രേഖകൾ മായ്ച്ചതെന്നാണ് കണ്ടെത്തൽ. ഇതോടെ സായിശങ്കർ കേസിൽ പ്രതിയാകും. സായിശങ്കറിനെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം. 

അഭിഭാഷകരായ ബി രാമൻപിള്ള, ടി ഫിലിപ്പ് വർഗീസ്, സുജേഷ് മേനോൻ അടക്കമുള്ളവർക്കെതിരെ ആണ് അതിജീവിത ബാർകൗൺസിലിൽ പരാതി നൽകിയത്. സീനിയർ അഭിഭാഷകനായ രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു സ്വാധീനിച്ചു. രാമൻപിള്ളയുടെ ഓഫിസിൽ വെച്ച് ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചു. കോടതി ഉത്തരവ് നിലനിൽക്കേ ആണ് ഈ നടപടി ഉണ്ടായത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടി വേണം. നിലവിൽ 20 സാക്ഷികൾ കൂറ് മാറിയതിനു പിറകിൽ അഭിഭാഷക സംഘം ഉണ്ട് എന്നും അതിജീവിത ബാർ കൗൺസിലിൽ നൽകിയ പരാതിയിൽ പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios