ദൃശ്യം 3യുടെ റിലീസ് പ്രഖ്യാപിച്ചു. ജോർജുകുട്ടിയും കുടുംബവും കുടുങ്ങുമോ അതോ നാലാം ക്ലാസുകാരന്റെ ബുദ്ധിയിൽ നിന്നും വീണ്ടും എന്തെങ്കിലും സസ്പെൻസുകൾ ഉണ്ടാകുമോ എന്നറിയാൻ ഇനി 78 ദിവസത്തെ കാത്തിരിപ്പ്.
മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ദൃശ്യം ഫ്രാഞ്ചൈസിയുടെ അവസാന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ദൃശ്യം 3 ഏപ്രിൽ 2ന് തിയറ്ററുകളിൽ എത്തും. മോഹൻലാൽ തന്നെയാണ് റിലീസ് വിവരം പുറത്തുവിട്ടിരിക്കുന്നത്. പ്രധാന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള അനൗണ്‍സെമെന്‍റ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ‘ഭൂതകാലം ഒരിക്കലും നിശബ്ദത പാലിക്കുന്നില്ല’, എന്ന ടാഗും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റിലീസ് പ്രഖ്യാപനം വന്നത് മുതല്‍ ഏറെ പ്രതീക്ഷയിലും ആകാക്ഷയിലുമാണ് പ്രേക്ഷകര്‍. വരുണിന്റെ കൊലപാതകത്തിൽ ജോർജുകുട്ടിയും കുടുംബവും കുടുങ്ങുമോ അതോ നാലാം ക്ലാസുകാരന്റെ ബുദ്ധിയിൽ നിന്നും വീണ്ടും എന്തെങ്കിലും സസ്പെൻസുകൾ ഉണ്ടാകുമോ എന്നറിയാൻ ഇനി 78 ദിവസം വരെ കാത്തിരിക്കേണ്ടിയിരിക്കുന്നു.
ഈ വര്‍ഷം മലയാളികള്‍ കാത്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട റിലീസ് ആണ് ദൃശ്യം 3. ജീത്തു ജോസഫ് സംവിധാനം ചെയ്ത രണ്ട് ഭാഗങ്ങളും സമ്മാനിച്ച വന്‍ വിജയവും ദൃശ്യ മികവും തന്നെയാണ് അതിന് കാരണം. 2025 സെപ്റ്റംബർ 22ന് ആയിരുന്നു ദൃശ്യം 3യുടെ ചിത്രീകരണം ആരംഭിച്ചത്. ദൃശ്യം ഒന്നും രണ്ടും മനസ്സിലേറ്റിയ പ്രേക്ഷകര്‍ മൂന്നും മനസ്സിലേറ്റി നടക്കട്ടേയെന്നാണ് പ്രാര്‍ത്ഥന എന്നായിരുന്നു അന്ന് മോഹൻലാൽ നിറമനസോടെ പറഞ്ഞത്.
മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.



