ഡിസംബര്‍ 3ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം

കുഞ്ചാക്കോ ബോബനെ (Kunchacko Boban) നായകനാക്കി അഷ്‍റഫ് ഹംസ സംവിധാനം ചെയ്‍ത 'ഭീമന്‍റെ വഴി' (Bheemante Vazhi) ആമസോണ്‍ പ്രൈം വീഡിയോയിലൂടെ (Amazon Prime Video) പ്രദര്‍ശനം ആരംഭിച്ചു. ഡിസംബര്‍ 3ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. തിയറ്റര്‍ റിലീസിന് നാല് വാരം പിന്നിടുമ്പോഴാണ് ചിത്രം ഒടിടി റിലീസ് ആയി എത്തുന്നത്. ഇന്നു മുതലാണ് ചിത്രത്തിന്‍റെ പ്രൈം വീഡിയോ സ്ട്രീമിംഗ്.

'തമാശ' എന്ന അരങ്ങേറ്റ ചിത്രത്തിനു ശേഷം അഷ്‍റഫ് ഹംസ സംവിധാനം ചെയ്‍ത ചിത്രമാണ് ഭീമന്‍റെ വഴി. സഞ്ജു എന്ന കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ വിളിപ്പേരാണ് 'ഭീമന്‍'. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു വഴിപ്രശ്‍നത്തെ തുടര്‍ന്നുള്ള പ്രശ്‍നങ്ങളും അതില്‍ നിന്നുണ്ടാവുന്ന തമാശകളുമൊക്കെയാണ് ചിത്രത്തെ രസകരമാക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഒപ്പം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട് അദ്ദേഹം.

ചെമ്പോസ്‍കി മോഷന്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ ചെമ്പനും ഒപിഎം സിനിമാസിന്‍റെ ബാനറില്‍ റിമ കല്ലിങ്കലും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 'ഊതമ്പിള്ളി കൊസ്‍തേപ്പ്' എന്ന കരിയറിലെ വേറിട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജിനു ജോസഫിന്‍റെ പ്രകടനമാണ് ചിത്രത്തിന്‍റെ മറ്റൊരു ശ്രദ്ധാകേന്ദ്രം. മേഘ തോമസ്, നസീര്‍ സംക്രാന്തി, ദിവ്യ എം നായര്‍, ചിന്നു ചാന്ദ്‍നി, വിന്‍സി അലോഷ്യസ്, സുരാജ് വെഞ്ഞാറമൂട്, ബിനു പപ്പു, ഭഗത് മാനുവല്‍, ശബരീഷ് വര്‍മ്മ എന്നിങ്ങനെയാണ് ചിത്രത്തിലെ തീരനിര. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. സംഗീതം വിഷ്‍ണു വിനയ്.