തമിഴില്‍ വന്‍ വിജയം നേടിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൈതിയുടെ റീമേക്ക്

റീമേക്ക്‍വുഡ് എന്ന് സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പരിഹസിക്കപ്പെടാറുണ്ടെങ്കിലും വിജയിക്കുന്ന തെന്നിന്ത്യന്‍ ചിത്രങ്ങളുടെ റീമേക്ക് അവകാശം വാങ്ങുന്നതില്‍ അവിടുത്തെ നിര്‍മ്മാതാക്കള്‍ക്ക് സംശയം ഏതുമില്ല. ബോളിവുഡില്‍ സമീപകാലത്ത് ഏറ്റവും വലിയ വിജയം നേടിയ റീമേക്ക് ദൃശ്യം 2 ആയിരുന്നു. അജയ് ദേവ്‍ഗണ്‍ ആയിരുന്നു ഈ ചിത്രത്തിലെ നായകന്‍. ബോളിവുഡില്‍ നിന്ന് വരാനിരിക്കുന്ന മറ്റൊരു പ്രധാന തെന്നിന്ത്യന്‍ റീമേക്കിലെ നായക നടനും ഒപ്പം സംവിധായകനും അജയ് ദേവ്‍ഗണ്‍ ആണ്. ഭോലാ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.

തമിഴില്‍ വന്‍ വിജയം നേടിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൈതിയുടെ റീമേക്ക് ആണ് ഈ ചിത്രം. ലോകേഷ് കനകരാജിന് കരിയര്‍ ബ്രേക്ക് നേടിക്കൊടുത്ത ചിത്രത്തില്‍ കാര്‍ത്തി ആയിരുന്നു നായകന്‍. അതേസമയം അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഭോലാ. യു മേം ഓര്‍ ഹം, ശിവായ്, റണ്‍വേ 34 എന്നിവയാണ് അദ്ദേഹം സംവിധാനം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍. അമല പോളിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം. 2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. 3 ഡിയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ALSO READ : ഷാരൂഖ്- ദീപിക കൂട്ടുകെട്ടില്‍ 'പഠാനി'ലെ രണ്ടാം ഗാനവും എത്തുന്നു

Scroll to load tweet…

അതേസമയം ഇന്ത്യയിലും റിലീസ് ചെയ്യപ്പെട്ട വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് ദൃശ്യം 2 നേടുന്നത്. ഇന്ത്യയില്‍ മാത്രം 3,302 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. നാലാം വാരത്തിലേക്ക് കടന്നപ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 200 കോടിയിലേറെ നേടിയിരുന്നു.