നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ ആദ്യമായി ഒരു പ്രധാന ബോക്സ് ഓഫീസ് നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ
സിനിമകള്‍ എത്രത്തോളം വിജയിച്ചുവെന്ന് ഇന്ന് അളക്കുന്നത് പ്രധാനമായും ബോക്സ് ഓഫീസ് കളക്ഷനെ മുന്‍നിര്‍ത്തിയാണ്. നിര്‍മ്മാതാക്കള്‍ തന്നെ ഇത് പരസ്യ പ്രചരണത്തിന് ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ മുന്‍കാലങ്ങളില്‍ കളക്ഷന് പകരം തിയറ്ററുകളില്‍ എത്ര ദിവസം ഓടി എന്ന കണക്കാണ് ഉയര്‍ത്തി കാണിക്കപ്പെട്ടിരുന്നത്. സിനിമയുടെ മാര്‍ക്കറ്റ് വലിയ രീതിയില്‍ ഉയര്‍ന്ന കഴിഞ്ഞ ഒന്നര പതിറ്റാണ്ടില്‍ സിനിമകളുടെ കളക്ഷനും വലിയ രീതിയില്‍ കൂടിയിട്ടുണ്ട്. ഒപ്പം പല കോടി ക്ലബ്ബുകളും നിലവില്‍ വന്നു. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ പ്രിയങ്കരനായ ഒരു മലയാളി സംവിധായകന്‍ നാല് പതിറ്റാണ്ടിലേറെ നീണ്ട തന്‍റെ കരിയറില്‍ ബോക്സ് ഓഫീസില്‍ ആദ്യമായി ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.
മലയാളത്തിന് പുറമെ ഹിന്ദിയിലും തമിഴിലുമൊക്കെ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ പ്രിയദര്‍ശനാണ് അത്. 1984 ല്‍ പുറത്തിറങ്ങിയ പൂച്ചയ്ക്കൊരു മൂക്കൂത്തി എന്ന ചിത്രത്തിലൂടെ സംവിധായകനായ ആളാണ് പ്രിയദര്‍ശന്‍. അതായത്, ഡയറക്ടര്‍ എന്ന നിലയിലുള്ള കരിയര്‍ ആരംഭിച്ചിട്ട് 42 വര്‍ഷങ്ങള്‍. കടന്നുപോയ വര്‍ഷങ്ങളിലൊന്നും സാധിക്കാതിരുന്ന ഒരു ബോക്സ് ഓഫീസ് നേട്ടമാണ് താന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ബോളിവുഡ് ചിത്രത്തിലൂടെ പ്രിയദര്‍ശന്‍ സ്വന്തമാക്കിയിരിക്കുന്നത്. അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഭൂത് ബംഗ്ല എന്ന ചിത്രം ഏപ്രില്‍ 17 നാണ് തിയറ്ററുകളില്‍ എത്തിയത്.
ആദ്യ മൂന്ന് ദിനങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചുവെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കളക്ഷനാണ് ഇത്. ഒരു പ്രിയദര്‍ശന്‍ ചിത്രം ഇത് ആദ്യമായാണ് 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ജനപ്രിയ ചിത്രങ്ങള്‍ വലിയ വിജയങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും മള്‍ട്ടിപ്ലെക്സുകളും വൈഡ് റിലീസുമൊക്കെ വന്ന് 100 കോടി ക്ലബ്ബ് സാധാരണമായതിന് ശേഷം അത്തരത്തിലൊരു വിജയം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. വന്‍ ഹൈപ്പോടെ എത്തിയ മലയാള ചിത്രം മരയ്ക്കാര്‍ പോസിറ്റീവ് അഭിപ്രായം നേടിയിരുന്നുവെങ്കില്‍ ഒരുപക്ഷേ ലഭിക്കേണ്ട നേട്ടമായിരുന്നു അത്. എന്നാല്‍ മരയ്ക്കാര്‍ പ്രതീക്ഷിച്ച രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നില്ല. അതേസമയം ഭൂത് ബംഗ്ല പ്രവര്‍ത്തിദിനങ്ങളിലും മികച്ച രീതിയില്‍ കളക്റ്റ് ചെയ്യുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.



