ഹിന്ദി നടൻ സുശാന്ത് സിംഗിന്റെ അകാലവിയോഗ വാര്‍ത്ത എല്ലാവരെയും സങ്കടത്തിലാക്കിയിരുന്നു. ആത്മഹത്യ ചെയ്‍ത നിലയിലായിരുന്നു സുശാന്ത് സിംഗിനെ കണ്ടെത്തിയത്. എല്ലാവരും വലിയ ഞെട്ടലോടെയായിരുന്നു ആ വാര്‍ത്ത കേട്ടത്. ഹിന്ദി സിനിമ ലോകത്തെ സ്വജനപക്ഷപാതവും വിവേചനവുമാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചത് എന്ന് താരങ്ങളടക്കം ചൂണ്ടിക്കാട്ടിയിരുന്നു. വിവാദവുമായിരുന്നു. ഇപ്പോഴിതാ സുശാന്തിന്റെ മരണം കഴിഞ്ഞിട്ട് 20തിലധികം ദിവസങ്ങളായിട്ടും അത് അംഗീകരിക്കാനാകുന്നില്ലെന്ന് പറഞ്ഞ് നടി ഭൂമിക ചൗള രംഗത്ത് എത്തിയിരിക്കുന്നു.

ഏകദേശം 20 ദിവസമായി. നിന്നെക്കുറിച്ച് ആലോചിച്ചാണ് ഇപ്പോഴും ഞാൻ എഴുന്നേല്‍ക്കുന്നത്. എന്തിനായിരുന്നു അത് എന്ന് ആലോചിക്കുന്നു. ഒരുമിച്ച് ഒരിക്കലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അത് ഞാനുമായി ചേര്‍ന്നുനില്‍ക്കുന്നു. വിഷാദമായിരുന്നോ കാരണം. വ്യക്തിപരമായിരുന്നോ. ആരോടെങ്കിലും സംസാരിക്കാമായിരുന്നു. അത് പ്രൊഫഷണല്‍ കാര്യമായിരുന്നെങ്കില്‍, നീ ഇതിനുമുമ്പേ എത്ര മികച്ച സിനിമകള്‍ചെയ്‍തിരുന്നു. ഞാൻ സമ്മതിക്കുന്നു. ഇവിടെ അതിജീവിക്കുകയെന്ന് പറഞ്ഞാല്‍ എളുപ്പമല്ല. പുറത്തുനിന്ന് വന്നവരെയോ അകത്തുള്ളവരെയെോ കുറിച്ചല്ല പറയുന്നത്. എന്താണെങ്കിലും അത് തന്നെ. അമ്പതിലധികം സിനിമകള്‍ ചെയ്‍തെങ്കിലും എല്ലാവരുമായുള്ള ബന്ധം എനിക്കും എളുപ്പമല്ല. പക്ഷേ എനിക്ക് ജോലി ചെയ്യാനായതില്‍ അഭിമാനമുണ്ട്. ഞാൻ അത് അങ്ങനെ ചിന്തിക്കുന്നതുകൊണ്ടാകും. നല്ലതിനെ കുറിച്ച് മാത്രം ചിന്തിക്കാൻ ഞാൻ എന്നെ പ്രേരിപ്പിക്കുന്നുവെന്നും ഭൂമി ചൗള പറയുന്നു. എന്തായിരുന്നു കാരണം എന്ന് അറിഞ്ഞിരുന്നെങ്കില്‍. എന്തായാലും നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ഭൂമിക ചൗള പറയുന്നു. എം എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തില്‍ സുശാന്ത് സിംഗിന്റെ സഹോദരിയുടെ വേഷത്തില്‍ അഭിനയിച്ച താരമാണ് ഭൂമിക.