Asianet News MalayalamAsianet News Malayalam

'ഒരുപാട് വിജയാശംസകള്‍ എന്നെയും തേടിവരുന്നു'; 'സബാഷ് ചന്ദ്രബോസി'നെക്കുറിച്ച് ബിബിന്‍ ജോര്‍ജ്

"ഇത് എഴുതാൻ തുടങ്ങുമ്പോൾ അല്പം കണ്ണ് നനയുന്നുണ്ട് എനിയ്ക്ക്. ഇന്നലെ സബാഷ് ചന്ദ്രബോസ് ഒരിക്കല്‍ കൂടി കണ്ടു"

bibin george about the success of sabaash chandrabose vishnu unnikrishnan
Author
Thiruvananthapuram, First Published Aug 8, 2022, 7:03 PM IST

പോയ വാരം തിയറ്ററുകളിലെത്തിയ മലയാളം റിലീസുകളില്‍ ഒന്നാണ് വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി വി സി അഭിലാഷ് സംവിധാനം ചെയ്‍ത സബാഷ് ചന്ദ്രബോസ്. ആളൊരുക്കം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകനാണ് വി സി അഭിലാഷ്. ഈ ചിത്രത്തിന്‍റെ ഭാഗമല്ലെങ്കില്‍ കൂടി ഈ ചിത്രം കണ്ടവരുടെ വിജയാശംസകള്‍ തന്നെയും തേടി വരുന്നുവെന്ന് പറയുകയാണ് നടനും തിരക്കഥാകൃത്തും വിഷ്ണു ഉണ്ണികൃഷ്ണന്‍റെ അടുത്ത സുഹൃത്തുമായ ബിബിന്‍ ജോര്‍ജ്. ചിത്രം തിയറ്ററിലേക്ക് ആളെ മടക്കിക്കൊണ്ടുവന്നിരിക്കുകയാണെന്നും ബിബിന്‍ പറയുന്നു.

ബിബിന്‍ ജോര്‍ജിന്‍റെ കുറിപ്പ്

ഇത് എഴുതാൻ തുടങ്ങുമ്പോൾ അല്പം കണ്ണ് നനയുന്നുണ്ട് എനിയ്ക്ക്. ഇന്നലെ സബാഷ് ചന്ദ്രബോസ് ഒരിക്കല്‍ കൂടി കണ്ടു. വിഷ്ണുവിന്റെ ചന്ദ്രബോസായുള്ള പരകായ പ്രവേശവും ജോണിച്ചേട്ടന്റെ യതീന്ദ്രനും അഭിലാഷേട്ടന്റെ എഴുത്തും സംവിധായക മികവും ഒക്കെച്ചേർന്ന് ഒരു നെടുമങ്ങാടൻ ഗ്രാമത്തിലായിരുന്നു കുറേ നേരം. തീയറ്ററിൽ ആളുകൾ വരുന്നില്ല എന്ന സങ്കടം സബാഷ് ചന്ദ്രബോസ് മാറ്റുകയാണ്. തിയറ്ററിലെ കൂട്ടച്ചിരിയും ഒടുവിൽ പടം കഴിയുമ്പോളുള്ള നിറഞ്ഞ കയ്യടികളും കണ്ടപ്പോൾ ഞാൻ ഞങ്ങളുടെ പഴയ കാലം ഓർത്ത് പോയി. സിനിമ മാത്രം സ്വപ്നം കണ്ട് കൊച്ചി നഗരത്തിലൂടെ ഞങ്ങൾ വിഷ്ണുവും റിതിനും ഞാനുമൊക്കെ സൈക്കിളുമോടിച്ച് നടന്ന ഒരു പൂർവ്വകാലം ഓർത്തുപോയി. അവിടെ നിന്ന് ഒരുപാട് ഉയരങ്ങളിലേക്കൊന്നും പോയിട്ടില്ലെങ്കിലും ആഗ്രഹിച്ച ഏതൊക്കെയോ സ്വപ്നങ്ങളുടെ അറ്റങ്ങളിലെങ്കിലും ഒന്ന് തൊടാൻ പറ്റുന്നുണ്ടല്ലോ എന്ന് ചിന്തിയ്ക്കുമ്പോൾ കണ്ണ് നിറയാതിരിയ്ക്കുന്നതെങ്ങനെ? ആ സൈക്കിളിൽ ഇനിയും ഞങ്ങൾക്ക് ഒരുപാട് ദൂരം പോകാനുണ്ട്. അതിനുള്ള പ്രചോദനം പ്രേക്ഷകരുടെ ഈ പിന്തുണയാണ്.  

വിഷ്ണു നായകനായ സിനിമയാണ് സബാഷ് ചന്ദ്രബോസെങ്കിലും ഈ സിനിമയുടെ വലിയ വിജയത്തിന് എന്നെയും തേടിവരുന്നുണ്ട് ഒരുപാട് വിജയാശംസകൾ. എന്ത് കൊണ്ടായിരിയ്ക്കും അത്? ആലോചിച്ചപ്പോൾ ഒരുത്തരമേ കിട്ടുന്നുള്ളൂ. ഞങ്ങളുടെ കലർപ്പിലാത്ത  സൗഹൃദത്തിന് കൂടിയാണ് ആ അഭിനന്ദനങ്ങൾ. ഈ കുറിപ്പ് എഴുതിക്കൊണ്ടിരിയ്ക്കുമ്പോൾ ചന്ദ്രബോസിന്റെ കാൾ വരികയാണ്. അഭിനന്ദനങ്ങൾ ഷെയർ ചെയ്യാനാണ്.

ALSO READ : 'റിലീസിന് ഒരു മണിക്കൂര്‍ മുന്‍പേ വിദേശ പ്രൊഫൈലുകളില്‍ നിന്ന് ഡീ​ഗ്രേഡിം​ഗ്'; വിഷ്‍ണു ഉണ്ണികൃഷ്ണന്‍ പറയുന്നു

Follow Us:
Download App:
  • android
  • ios