തിരുവനന്തപുരം: ഉയരക്കുറവിന്റെ പേരിൽ അതിക്രൂരമായ കളിയാക്കലിന് ഇരയായ ബാലന് പിന്തുണയറിയിച്ച് നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്. പൊക്കക്കുറവിന്റെ പേരിൽ കൂട്ടുകാർ പരിഹസിക്കുന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ക്വാഡന്‍ എന്ന കുട്ടിയുടെ വീഡിയോ വലിയ തോതിൽ സമൂഹമാധ്യമങ്ങൾ ഏറ്റുപിടിച്ചിരുന്നു.

ഓസ്ട്രേലിയക്കാരനായ ക്വാഡൻ, തന്നെ ആരെങ്കിലുമൊന്ന് കൊന്നുതരാമോ എന്നാണ് വീഡിയോയിൽ അമ്മയോട് ചോദിക്കുന്നത്. അത്ര ക്രൂരമായ കളിയാക്കലിലാണ് ക്വാഡൻ ഇരയാകുന്നതെന്ന് ആ വാക്കുകളിൽ നിന്ന് വ്യക്തം. ക്വാഡന്റെ അമ്മ യാറക ബെയിൽസ് തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

ക്വാഡന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ച ബിബിന്‍ ജോര്‍ജ് അമ്മ പറയുന്നത് കേട്ട് ജീവിച്ചാല്‍ ലൈഫ് അടിപൊളിയാകുമെന്നും ഒന്നും പേടിക്കാനില്ലെന്നും ഓര്‍മ്മിപ്പിച്ചു. അവര്‍ നിന്ന് കരയിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. നീ ചിരിക്കാന്‍ ശ്രമിക്കണം. അവസാന ചിരി നിന്‍റെയാണെന്നും അന്ന് അവര്‍ കരയുമെന്നും ബിബിന്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ബിബിന്‍ ജോര്‍ജിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മോനെ.. ഡാ ചക്കരെ, നീ നിന്റെ അമ്മച്ചി പറയുന്നത് മാത്രം കേട്ടു ജീവിച്ചാൽ ലൈഫ് അടിപൊളി ആണ്....ഡാ. ഒന്നും പേടിക്കാനില്ല....

അവന്മാര് നിന്നെ കരയിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കും. നീ ചിരിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കണം. ലോകം, അവസാനം നിന്റെ ചിരി കാണും. അന്ന് അവന്മാര് കരയും.

"പോയി ചാകാൻ" പറ അവരോട്. നിന്നെ ഈ ലോകത്തിന് കാണാൻ 'നീ വെളിച്ചത്തേക്ക് നീങ്ങി നിന്നാൽ മാത്രം മതിയാകും'.

"പൊരുതണ്ടേടാ...." 😘