മോഹന്‍ലാലിന്റെ സിദ്ദിഖ് ചിത്രം 'ബിഗ് ബ്രദര്‍' അടുത്ത ക്രിസ്മസ് സീസണില്‍ തീയേറ്ററുകളിലെത്തും. ഇപ്പോള്‍ പുറത്തെത്തിയ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററിലാണ് റിലീസ് മാസം ഡിസംബര്‍ എന്ന് കുറിച്ചിരിക്കുന്നത്. ഒരു ആക്ഷന്‍ സീക്വന്‍സ് എന്ന് തോന്നിപ്പിക്കുന്ന ചിത്രമാണ് പുറത്തെത്തിയ പോസ്റ്ററില്‍. കറുപ്പ് യൂണിഫോമിലുള്ള മോഹന്‍ലാലും ഒരു സംഘവും. ഒപ്പമുള്ളവരുടെ കൈയില്‍ മെഷീന്‍ ഗണ്ണുകളും.

പേരല്ലാതെ സിനിമയുടെ പ്രമേയത്തെക്കുറിച്ചോ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചോ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. 25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, റജീന, സത്‌ന ടൈറ്റസ്, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാവും ബിഗ് ബ്രദര്‍. സിദ്ദിഖ്‌ലാല്‍ ചിത്രം വിയറ്റ്‌നാം കോളനിയിലാണ് തുടക്കം. സിദ്ദിഖ് സ്വതന്ത്ര സംവിധായകനായതിന് ശേഷം ലേഡീസ് ആന്‍ഡ് ജെന്റില്‍മാനും ഈ ടീമിന്റേതായി പുറത്തിറങ്ങി.