രാംചരൺ നായകനാകുന്ന ‘ഗെയിം ചേഞ്ചർ’ സിനിമയ്ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് തെലങ്കാന സര്‍ക്കാര്‍ തീരുമാനം. 

ഹൈദരാബാദ്: രാംചരൺ നായകനാകുന്ന ‘ഗെയിം ചേഞ്ചർ’ സിനിമയുടെ ടിക്കറ്റ് നിരക്കും ഷോകളും വർധിപ്പിച്ചുള്ള ഉത്തരവ് തെലങ്കാന സർക്കാർ പിൻവലിച്ചു. പൊതുജന താൽപര്യം, ആരോഗ്യം, സുരക്ഷ എന്നിവ കൃത്യമായി പരിഗണിക്കുന്നത് വരെ ഭാവിയിൽ അതിരാവിലെ ഷോകൾ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരിനെ ഈ വിഷയത്തില്‍ തെലങ്കാന ഹൈക്കോടതി വിമര്‍ശിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം എത്തിയത്. ഗെയിം ചേഞ്ചര്‍ നിർമ്മാതാക്കളുടെ ആപേക്ഷയെ തുടര്‍ന്ന് ജനുവരി 8 ന് തെലങ്കാന സര്‍ക്കാര്‍ ചിത്രത്തിന്‍റെ റിലീസ് ദിവസം പുലർച്ചെ 4 മണിക്ക് ഒരു അധിക ഷോ പ്രദർശിപ്പിക്കാൻ അനുമതി നൽകിയിരുന്നു. 

ഇതുകൂടാതെ മൾട്ടിപ്ലക്സുകളില്‍ 100 രൂപയും സിംഗിള്‍ സ്ക്രീന്‍ തിയേറ്ററുകൾക്ക് 50 രൂപയും ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനും സർക്കാർ അനുമതി നൽകിയിരുന്നു. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചത്. സര്‍ക്കാറിന്‍റെ ഈ തീരുമാനം തെലങ്കാന ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. പുഷ്പ 2 പ്രമീയറിനിടെ ഹൈദരാബാദ് സന്ധ്യ തീയറ്ററില്‍ ഉണ്ടായ ദുരന്തത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി വിമര്‍ശിച്ചത്. 

പുഷ്പ 2 ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് ടിക്കറ്റ് നിരക്ക് വര്‍ദ്ധനയും, പ്രത്യേക ഷോകളും ഇനി കോൺഗ്രസ് സർക്കാർ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. സിനിമ മന്ത്രി കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡിയും ഇക്കാര്യം അറിയിച്ചിരുന്നു.

എന്നാല്‍ ഈ തീരുമാനം മാറ്റിയാണ് തെലങ്കാന ഫിലിം ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ചെയർമാൻ കൂടിയായ ദിൽ രാജു നിർമ്മിച്ച ‘ഗെയിം ചേഞ്ചറിനായി’ സിനിമയുടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനും, അധിക ഷോകള്‍ നടത്താനും തെലങ്കാന സർക്കാർ അനുമതി നൽകിയത്.

സംസ്ഥാന സർക്കാരിന്‍റെ ഈ തീരുമാനത്തിനെതിരെ സതീഷ് കമാലും ഗോർല ഭരത് രാജും ഹൈക്കോടതിയിൽ റിട്ട് ഹർജികൾ സമർപ്പിച്ചിരുന്നു ഇതില്‍ കോടതി ശക്തമായ വിമര്‍ശനം നടത്തിയിരുന്നു. പിന്നാലെ ശനിയാഴ്ച സർക്കാർ തീരുമാനം പുനഃപരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ, ടിക്കറ്റ് വർധനയും അധിക ഷോകളും പിൻവലിച്ച് സംസ്ഥാന സർക്കാർ ശനിയാഴ്ച ഉത്തരവിറക്കിയത്.

അതേ സമയം സമിശ്ര പ്രതികരണം ലഭിച്ച് ബോക്സോഫീസില്‍ തിരിച്ചടി കിട്ടിയ രാം ചരണ്‍ നായകനായ ഗെയിം ചേഞ്ചര്‍ സിനിമയ്ക്ക് സര്‍ക്കാര്‍ തീരുമാനം വലിയ തിരിച്ചടിയാണ്.