സിനിമ, സീരിയല്‍ താരവും ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മത്സരാര്‍ഥിയുമായ പ്രദീപ് ചന്ദ്രന്‍ വിവാഹിതനായി. വധു അനുപമ രാമചന്ദ്രന്‍റെ കരുനാഗപ്പള്ളിയിലെ വീട്ടില്‍ വച്ച് ഇന്നായിരുന്നു വിവാഹം. തിരുവനന്തപുരം ഇന്‍ഫോസിസ് ജീവനക്കാരിയാണ് അനുപമ. 

തന്‍റെ നാടായ തിരുവനന്തപുരത്ത് സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ വിവാഹം നടത്തണമെന്നായിരുന്നു ആഗ്രഹമെങ്കിലും കൊവിഡ് പശ്ചാത്തലത്തിലാണ് അതു നടക്കാതെ പോയതെന്നും പ്രദീപ് ചന്ദ്രന്‍ ഫേസ്ബുക്കിലൂടെ നേരത്തെ അറിയിച്ചിരുന്നു. വിദേശത്തുള്ള പ്രദീപിന്‍റെ ജ്യേഷ്ഠനും വിവാഹത്തിന് എത്താനായില്ല. 

 

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു പ്രദീപ് ചന്ദ്രന്‍. ഷോയുടെ ആരാധകര്‍ക്കിടയില്‍ ഹേറ്റേഴ്‍സ് കുറവുള്ള ഒരാളും. ബിഗ് ബോസ് ഹൗസില്‍ 42 ദിവസം പൂര്‍ത്തിയാക്കിയാണ് എവിക്ഷനിലൂടെ പ്രദീപ് പുറത്തേക്ക് പോയത്. 

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഹിറ്റ് പരമ്പര കറുത്തമുത്തില്‍ ഡിസിപി അഭിറാം എന്ന കഥാപാത്രമായെത്തിയാണ് പ്രദീപ് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. മേജര്‍ രവി ചിത്രം മിഷന്‍ 90 ഡെയ്‍സിലൂടെയാണ് സിനിമാപ്രവേശം. ദൃശ്യം, ഒപ്പം, ഇവിടം സ്വര്‍ഗ്ഗമാണ്, ഏയ്ഞ്ചല്‍ ജോണ്‍, കാണ്ഡഹാര്‍, ലോക്‍പാല്‍, ലോഹം, 1971 ബിയോണ്ട് ബോര്‍ഡേഴ്‍സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.