ഇനി പൂർണമായും സിനിമയും ചാരിറ്റിയുമായി മുന്നോട്ട് പോകാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും ബിഗ് ബോസ് തന്നെയാണ് ജീവിതത്തിൽ വഴിത്തിരിവായതെന്നും രജിത് കുമാർ പറയുന്നു.
ബിഗ് ബോസ് മലയാളം സീസൺ 2വിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് രജിത് കുമാര്‍. മുൻപ് പൊതുവേദികളിൽ നടത്തിയ വിവാദപരമായ പ്രസംഗങ്ങളുടെ പേരിൽ അറിയപ്പെട്ടിരുന്ന രജിത് കുമാറിന് ബിഗ് ബോസിൽ എത്തിയതോടെ വലിയ രീതിയിലുള്ള ജനപിന്തുണയാണ് ലഭിച്ചത്. സീസൺ രണ്ടിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന മത്സരാർഥികളിൽ ഒരാളുകൂടിയായിരുന്നു രജിത് കുമാർ. എന്നാൽ 70 ദിവസത്തോളം ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ രജിത് കുമാർ, സഹമത്സരാർത്ഥിയായ യുവതിയുടെ കണ്ണിൽ മുളകു തേച്ചതിന്റെ പേരിൽ പുറത്താകുക ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ രജിത് പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പൊന്നാനിയിലെത്തിയ ചിത്രങ്ങളാണ് രജിത് കുമാർ ഷെയർ ചെയ്തിരിക്കുന്നത്. നടനും കോമഡി താരവുമായ പ്രശാന്ത് കാഞ്ഞിരമറ്റവും ഒപ്പമുണ്ട്. സിനിമ റിലീസ് ചെയ്യുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിലെല്ലാം ചിത്രം തിയറ്ററിൽ തന്നെ കാണണമെന്ന് പ്രേക്ഷകരോട് രജിത് അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്.
സ്വപ്‌ന സുന്ദരി, ഈശോ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച രജിതിന്റെ ഏറ്റവും പുതിയ ചിത്രം സൂരജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ആണ്. ഇന്നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷമാണ് രജിത് കുമാർ ചെയ്തിരിക്കുന്നത്. കൊച്ചിയിൽ ആദ്യ ഷോ കാണാൻ താരവും എത്തിയിരുന്നു. ഇനി പൂർണമായും സിനിമയും ചാരിറ്റിയുമായി മുന്നോട്ട് പോകാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും ബിഗ് ബോസ് തന്നെയാണ് ജീവിതത്തിൽ വഴിത്തിരിവായതെന്നും രജിത് കുമാർ പറയുന്നു.
ഹരികുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എഴുത്തുകാരന്‍ എം മുകുന്ദന്‍ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഇതേ പേരില്‍ താനെഴുതിയ കഥയുടെ വികസിത രൂപമാണ് എം മുകുന്ദന്‍ തിരക്കഥ ആക്കിയിരിക്കുന്നത്. എം മുകുന്ദന്‍ തന്നെയാണ് സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്.
