ബിഗ് ബോസ് മലയാളം സീസൺ 7-ൽ ഭക്ഷണത്തെച്ചൊല്ലി വലിയ തർക്കം. സാബുമാന് രണ്ടാമത് ഭക്ഷണം നൽകാൻ അനുമോൾ വിസമ്മതിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇതിനെച്ചൊല്ലി ആദിലയും നൂറയും അനുമോളുമായി ശക്തമായി ഏറ്റുമുട്ടി.
ബിഗ് ബോസ് മലയാളം സീസൺ 7 അവസാനത്തോടടുക്കുകയാണ്. രണ്ട ആഴ്ചകൾ മാത്രം അവശേഷിക്കുമ്പോൾ മത്സരം കടുത്തുകൊണ്ടിരിക്കുകയാണ്. ബിഗ് ബാങ്ക് വീക്ക് ആണ് ഇത്തവണത്തേത്. കഴിഞ്ഞ സീസണുകളിൽ നിന്നും വ്യത്യസ്തമായി ടാസ്കുകൾ ജയിച്ച് നിശ്ചിത തുക സ്വന്തമാക്കുക എന്നതാണ് ഇത്തവണത്തെ രീതി. ഏഴാം സീസണിൽ ഏറ്റവും കൂടുതൽ വഴക്കുകൾ രൂപപ്പെട്ടിട്ടുള്ളത് ഭക്ഷണത്തിന്റെ പേരിലാണ്. എൺപത്തിയാറാം ദിവസത്തിലും അത് മാറ്റമില്ലാതെ തുടരുകയാണ്. ഇത്തവണത്തെ കിച്ചൺ ടീം അംഗങ്ങൾ സാബുമാൻ, അനുമോൾ, ആദില എന്നിവരായിരുന്നു. സാബുമാനെയായിരുന്നു ഇന്നലെ കിച്ചൺ ടീം ക്യാപ്റ്റനായി തിരഞ്ഞെടുത്തത്.
ഭക്ഷണം വിളമ്പുന്നതിൽ തുടങ്ങിയ വഴക്ക് വലിയ രീതിയിലുള്ള സംഘർഷത്തിലേക്ക് വഴിമാറുന്ന കാഴ്ചയാണ് കാണുന്നത്. ചെറുപയർ തോരൻ സാബുമാൻ രണ്ടാമത് ചോദിക്കുന്നത് അനുമോൾക്ക് ഇഷ്ടപ്പെടാതെ ഇരിക്കുകയും, തുടർന്ന് ആദില അതിനെ ചോദ്യം ചെയ്യുകയുമാണ് ആദ്യം ചെയ്തത്. അനീഷ് മാത്രമാണ് അനുവിനെ പിന്തുണച്ച് രംഗത്തെത്തിയത്. ബാക്കി മത്സരാത്ഥികൾ എല്ലാം തന്നെ അനുവിന്റെ ഇത്തരമൊരു നടപടിയെ വലിയ രീതിയിൽ വിമർശിക്കുകയുണ്ടായി. ഭക്ഷണം തുല്യമായി വീതിച്ച് നൽകണം എന്നാണ് എല്ലാവരും പറയുന്നത് എന്നാൽ ഇത് അംഗീകരിക്കാൻ തയ്യാറല്ലാത്ത അനുമോൾ കിച്ചണിൽ നിന്നും ഇറങ്ങി പോവുകയും കരയുകയും ചെയ്യുന്നുണ്ട്.
വിള്ളലേൽക്കുന്ന സൗഹൃദങ്ങൾ
തുടർന്ന് നൂറ അനുമോളെ കിച്ചൺ ടീമിൽ നിന്നും മാറ്റി വെസൽ ടീമിലേക്ക് മാറ്റുകയുണ്ടായി. എന്നാൽ ഉച്ച ഭക്ഷണത്തിന്റെ സമയമായപ്പോൾ വെസൽ കഴുകാൻ കഴിയില്ല എന്ന് പറഞ്ഞുകൊണ്ട് അനുമോൾ മാറിയിരിക്കുന്നുണ്ട്. നൂറ കഴുകാൻ ആവശ്യപ്പെടുമ്പോഴും അത് ചെയ്യില്ല എന്നാണ് അനുമോൾ പറയുന്നത്. ഫൈനൽ ഫൈവിൽ കയറിയതിന്റെ അഹങ്കാരമാണ് നൂറയ്ക്ക് എന്നാണ് അനുമോൾ പറയുന്നത്. തടുർന്ന് നൂറായും ആദിലയും അനുമോളെ ചോദ്യം ചെയ്യുകയും വലിയ രീതിയിലേക്കുള്ള വാക്കുതർക്കത്തിലേക്കുമാണ് പിന്നീട് പോകുന്നത്. നിന്റെ അടിമകളായി നിൽക്കുന്ന കൂട്ടുകാർ മാത്രമാണ് നിനക്കുള്ളത് എന്നാണ് ആദില പറയുന്നത്.
ഈ സീസണിലെ ഏറ്റവും നല്ല സൗഹൃദം എന്ന് വിശേഷിക്കപ്പെട്ട കൂട്ടുകെട്ടായിരുന്നു ആദില, അനുമോൾ, നൂറ എന്നിവരുടേത്. ഇന്നത്തെ വഴക്കോട് കൂടി അതിന് കൂടിയാണ് വിള്ളൽ വീണിരിക്കുന്നത്. വൈകാരികമായി പ്രതികരിക്കുന്ന ആദിലയെയും നൂറയെയും ഇന്നത്തെ എപ്പിസോഡിൽ കാണാൻ കഴിയും. ഈ സൗഹൃദം ഇവിടെ അവസാനിച്ചു എന്ന് ആദിലയും പറയുന്നുണ്ട്. അനീഷിനോടാണ് അനുമോൾ തന്റെ കാര്യങ്ങൾ പറയുന്നത്. എന്തായാലും മൂവരുടെയും സൗഹൃദം ഇനി തുടരുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.



