ബിഗ് ബോസ് ഷോയില്‍ 'നാഗവല്ലി'യായി റെനീഷയും ദേവുവും.

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ മത്സരാര്‍ഥികളുടെ കലാപ്രാവീണ്യം അടയാളപ്പെടുത്തുന്ന പുതിയ ഒരു ടാസ്‍കാണ് ഇത്തവണത്തെ ആഴ്‍ചയിലേത്. മലയാളത്തിന്റെ ഹിറ്റ് ചിത്രങ്ങളിലെ ഒരു കഥാപാത്രം രണ്ട് പേര്‍ക്കെന്ന തരത്തില്‍ ഡാൻസ് ചെയ്യുക എന്നതായിരുന്നു ടാസ്‍ക്. മനോഹരമായി ഓരോരുത്തരും ടാസ്‍കില്‍ പങ്കെടുത്തു. 'മണിച്ചിത്രത്താഴ്' എന്ന ചിത്രത്തിലെ ഹിറ്റ് കഥാപാത്രമായ 'നാഗവല്ലി'യായി ദേവുവും റെനീഷയും തകര്‍പ്പൻ പ്രകടനമാണ് നടത്തിയത്.

മത്സരാര്‍ഥികള്‍ ലഭിച്ച കഥാപാത്രമായി തന്നെ പെരുമാറണം എന്നായിരുന്നു നിര്‍ദ്ദേശം. 'നാഗവല്ലി' എന്ന കഥാപാത്രമായി റെനീഷ ദിവസം മുഴുവൻ പ്രകടനം നടത്തുന്നത് കാണാമായിരുന്നു. മറ്റ് പല സിനിമകളിലെയും കഥാപാത്രങ്ങള്‍ ആണെങ്കില്‍ പോലും അവരുടെ അടുത്തുപോയി 'നാഗവല്ലി'യുടെ ഡയലോഗ് പറഞ്ഞ് റെനീഷ സ്‍കോര്‍ ചെയ്‍തു. ബിഗ് ബോസ് ഒടുവില്‍ ഡാൻസ് ചെയ്യാൻ നിര്‍ദ്ദേശിച്ചപ്പോള്‍ ദേവുവും തനിക്ക് ആകും വിധം പരിശ്രമിച്ചെങ്കിലും മുന്നിട്ടുനിന്നത് റെനീഷ തന്നെയാണെന്ന് മറ്റ് മത്സരാര്‍ഥികളുടെ അഭിപ്രായങ്ങളില്‍ നിന്ന് പിന്നീട് വ്യക്തമായിരുന്നു.

അസുഖമായതിനാലാണ് ആ ടാസ്‍കില്‍ തനിക്ക് മികച്ച പെര്‍ഫോം പുറത്തെടുക്കാൻ കഴിയാതിരുന്നത് എന്ന് ദേവു പറഞ്ഞു. എങ്കിലും ദേവു തന്റെ മികച്ച പ്രകടനം തന്നെ നടത്തിയെന്ന് മത്സരാര്‍ഥികളില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. റെനീഷ 'നാഗവല്ലി'യുടെ രൂപത്തിലും ഭാവത്തിലും തിളങ്ങി എന്നു അഭിപ്രായമുയര്‍ന്നു. 'നാഗവല്ലി'യുടെ ചലനങ്ങള്‍ അനുകരിക്കാൻ റെനീഷയ്‍ക്ക് കഴിഞ്ഞുവെന്നും ചിലര്‍ പറഞ്ഞു.

ഓരോ മത്സരാര്‍ഥിക്കും വ്യത്യസ്‍ത മൂല്യങ്ങളുള്ള 200 കോയിനുകളാണ് ബിഗ് ബോസ് നല്‍കിയിരുന്നത്. ഓരോരുത്തരുടെയും യുക്തി പോലെ ഓരോ മത്സരാര്‍ഥിയുടെയും പ്രകടനം വിലയിരുത്തി കോയിൻ നല്‍കാം എന്നുമായിരുന്നു നിര്‍ദ്ദേശം. ദേവുവിന്റെയും റെനീഷയുടെയും പ്രകടനത്തിനും ഓരോരുത്തരും അവരവരുടെ യുക്‍തിക്ക് അനുസരിച്ച് കോയിൻ നല്‍കി. ടാസ്‍കില്‍ മികച്ച പ്രകടനം കാഴ്‍ചവച്ച റെനീഷയ്‍ക്കാണ് ദേവുവിനേക്കാള്‍ കൂടുതല്‍ കോയിൻ കിട്ടിയത്.

Read More: നിത്യാ മേനൻ ചിത്രം '19(1)(എ)' മോസ്കോ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു