അന്തരിച്ച ചലച്ചിത്രകാരനും സഹപ്രവര്‍ത്തകനുമായ സച്ചിക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് ബിജു മേനോന്‍. സച്ചിയുടെ അപ്രതീക്ഷിത വേര്‍പാടിന്‍റെ ഞെട്ടല്‍ വെളിവാക്കുന്നതാണ് ബിജു മേനോന്‍റെ വാക്കുകള്‍. ചുരുങ്ങിയ വാക്കുകളിലൂടെയാണ് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നത്.

"ജീവിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ ഒരുപാട് സ്നേഹിച്ചു. മരിക്കുമ്പോഴും അങ്ങനെതന്നെ. മുന്നറിയിപ്പൊന്നുമില്ലാതെയാണ് നിങ്ങള്‍ പോയത്, ഒരുപാട് വേഗത്തില്‍. അഗാധമായ വ്യസനമുണ്ട്. അദ്ദേഹത്തിന്‍റെ കുടുംബത്തെയും സുഹൃത്തുക്കളെയും ദൈവം കാക്കട്ടെ", ബിജു മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബിജു മേനോന്‍റെ കരിയറില്‍ സമീപകാലത്തെ ഏറ്റവും വലിയ വിജയമായിരുന്നു അയ്യപ്പനും കോശിയും. അയ്യപ്പന്‍ നായര്‍ എന്ന പൊലീസുകാരനായി മറ്റൊരാളെ ചിന്തിക്കാന്‍ കഴിയാത്ത രീതിയില്‍ തന്‍റേതാക്കിയിരുന്നു ബിജു മേനോന്‍. സംവിധാനം ചെയ്ത ആദ്യചിത്രം അനാര്‍ക്കലിയിലും (അതും പൃഥ്വിക്കൊപ്പം) ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബിജു മേനോന്‍ ആയിരുന്നു. കൂടാതെ മേക്കപ്പ്മാന്‍, സീനിയേഴ്‍സ്, റണ്‍ ബേബി റണ്‍, ചേട്ടായീസ്, ഷെര്‍ലക് ടോംസ് തുടങ്ങി സച്ചി തിരക്കഥയൊരുക്കിയ മിക്ക സിനിമകളിലും പ്രധാന വേഷത്തില്‍ ബിജു മേനോന്‍ ഉണ്ടായിരുന്നു.