മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ ഹിറ്റ് ചിത്രം 'കളങ്കാവല്‍' ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു
മലയാളത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയ സിനിമകളില്‍ ഒന്നായിരുന്നു മമ്മൂട്ടിയും വിനായകനും ഒന്നിച്ചെത്തിയ കളങ്കാവല്‍. ഡിസംബര്‍ 5 ന് തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ വിനായകന്‍ നായകനും മമ്മൂട്ടി പ്രതിനായകനുമായിരുന്നു. നവാഗത സംവിധായകനായ ജിതിന്‍ കെ ജോസ് ആണ് ചിത്രം ഒരുക്കിയത്. മികച്ച മൗത്ത് പബ്ലിസിറ്റിയും ബോക്സ് ഓഫീസ് വിജയവും നേടിയ ചിത്രമാണിത്. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. നേരത്തെ പ്രഖ്യാപിച്ചിരുന്നതിനേക്കാള്‍ ഒരു ദിവസം മുന്‍പ് സ്ട്രീമിംഗ് തുടങ്ങി എന്നതും ശ്രദ്ധേയം. പ്രമുഖ പ്ലാറ്റ്‍ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. നാളെ (16) എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ചിത്രം പ്ലാറ്റ്ഫോമില്‍ ഇന്നേ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്.
വീണ്ടും നവാഗതനൊപ്പം മമ്മൂട്ടി
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മറുഭാഷാ പ്രേക്ഷകരിലേക്ക് കൂടുതല്‍ റീച്ചിന് ഒടിടി റിലീസ് ചിത്രത്തെ സഹായിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സോണി ലിവിലൂടെ ചിത്രം കാണാനാവും. 'കുറുപ്പി'ന്റെ കഥ ഒരുക്കിയ ജിതിന്‍ കെ ജോസിന്‍റെ സംവിധായകനായുള്ള അരങ്ങേറ്റമാണ് കളങ്കാവല്‍. ജിതിന്‍ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ഇത്.
മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം മുജീബ് മജീദിന്‍റെ സംഗീതമാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. ഫൈസല്‍ അലിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. മമ്മൂട്ടി ഒരു സീരിയല്‍ കില്ലറായി എത്തിയിരിക്കുന്ന ചിത്രത്തില്‍ വിനായകന്‍ ഒരു സ്പെഷല്‍ ബ്രാഞ്ച് പൊലീസുകാരനാണ്. ഇരുവരും തമ്മിലുള്ള, പ്രകടനത്തിലെ കൊടുക്കല്‍വാങ്ങലുകളായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ്. പ്രേക്ഷകര്‍ ഇത് ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇമേജ് നോക്കാതെ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ സമീപനത്തിന് പ്രേക്ഷകര്‍ നല്‍കിയ കൈയടി കൂടിയായിരുന്നു ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് വിജയം. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 81.9 കോടി ആയിരുന്നു. 43.65 കോടി ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയപ്പോള്‍ വിദേശ കളക്ഷന്‍ 38.25 കോടി ആയിരുന്നു.



