മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ അടുത്തിടെയാണ് മരിച്ചത്. ഏറെക്കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു ശ്രീലത നാരായണനും ബിജു നാരായണനും വിവാഹിതരായത്. ക്യാൻസര്‍ രോഗത്തെ തുടര്‍ന്നായിരുന്നു ശ്രീലത മരിച്ചത്. ശ്രീലതയുടെ മരണം മലയാളികള്‍ ഏറെ സങ്കടത്തോടെയാണ് കേട്ടത്. ശ്രീലതയുടെ രണ്ട് ആഗ്രഹങ്ങള്‍ തനിക്ക് സാധിച്ചുകൊടുക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ബിജു നാരായണൻ പറയുന്നു. വനിതയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജു നാരായണൻ ഇക്കാര്യം പറയുന്നത്.

ശ്രീ എന്നെ പിരിഞ്ഞെന്ന് തോന്നുന്നേയില്ല. ചടങ്ങുകള്‍ കഴിഞ്ഞു ഈ വീടിന്റെ ഏകാന്തതയിലേക്ക് വന്നപ്പോള്‍ ഇവിടെ പലയിടത്തും ശ്രീയുടെ സാന്നിധ്യം എനിക്ക് നേരിട്ടനുഭവപ്പെടും പോലെ തോന്നി. ശ്രീ എന്റെ ജീവിതപങ്കാളിയും, ആത്മ സുഹൃത്തുമായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ശ്രീയാണ്. മാര്‍ച്ച് മാസത്തില്‍ ശ്രീയുടെ രോഗത്തിന് കുറവ് വന്നപ്പോള്‍ അവള്‍ രണ്ടു ആഗ്രഹങ്ങള്‍ പറഞ്ഞു. എസ്‍ പി ബാലസുബ്രഹ്‍മണ്യത്തിന്റെ സംഗീത പ്രോഗ്രാമില്‍ പങ്കെടുക്കണം. പിന്നെ ഞങ്ങള്‍ രണ്ടുപേരും മാത്രമായി ഒരു യാത്ര പോകണം. കുടുംബസമേതം ഞങ്ങള്‍ ഒരുപാട് യാത്രകള്‍ പോകാറുണ്ടായിരുന്നു. ഇത്തവണ നിങ്ങളെ കൂട്ടാതെ ഞാനും അച്ഛനും മാത്രമായി ഒരു യാത്ര പോകും. ശ്രീ മക്കളോട് പറയുകയും ചെയ്‍തു. പോളണ്ടിലേക്ക് ഒരു യാത്ര പോകണമെന്ന് ഞാനും പ്ലാന്‍ ചെയ്യുകയായിരുന്നു. പക്ഷെ ഒരിക്കലും സാധിക്കാത്ത മോഹങ്ങളായി മാറി അത് രണ്ടും- ബിജു നാരായണൻ പറയുന്നു.