ബിനീഷ് സെബാസ്റ്റ്യന്റെ മനസമ്മതം കഴിഞ്ഞു.

ബിനീഷ് ബാസ്റ്റിൻ എന്ന പേര് ഇന്ന് ഭൂരിഭാഗം മലയാളികൾക്കും സുപരിചിതമാണ്. ടീമേ എന്ന് വിളിച്ച് കൊണ്ടെത്തുന്ന ഒരു കൂട്ടം ആരാധകരും ബിനീഷിനുണ്ട്. നൂറിലധികം സിനിമകളിൽ ബിനീഷ് ചെറുതും വലുതുമായ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. യൂട്യൂബ് ചാനലുമായും താരം സജീവമാണ്. കഴിഞ്ഞ ദിവസമായിരുന്നു ബിനീഷിന്റെ മനസമ്മതം. അടൂര്‍ സ്വദേശിനി താരയാണ് വധു. മനസമ്മതത്തിന്റെ വിശേഷങ്ങളാണ് ബിനീഷ് പുതിയ വ്ളോഗിലൂടെ പങ്കുവെച്ചിരിക്കുന്നത്. അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്റെ വിവാഹമെന്ന് താരം പറയുന്നു.

''ഒരുപാട് കാത്തിരുന്ന ദിവസമാണ് ഇന്ന്. എന്റെ അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണ്. എന്റെ ചാനൽ കാണുന്ന എല്ലാവരുടെയും ആഗ്രഹമാണ്. മനസമ്മതം നടന്നത് ഇടവക പള്ളിയിൽ വെച്ചാണ്. താരയും കുടുംബവും അടൂരിൽ നിന്നും രാവിലെ തന്നെ വന്നിരുന്നു. സത്യം പറഞ്ഞാൽ ഞങ്ങൾ ഒരുപാട് സ്വപനം കണ്ട ദിവസമാണിത്. മനസമ്മതത്തിന് വിളിക്കാത്തതിൽ ആരും പരാതിപ്പെടരുത്. ആരെയും ഞാൻ വിളിച്ചിട്ടില്ല. ചെറിയ ചടങ്ങായിരുന്നു. ഞങ്ങളുടെ രണ്ടുപേരുടേയും വളരെ അടുത്ത ഫാമിലി മാത്രമെ ചടങ്ങിൽ പങ്കെടുത്തിരുന്നുള്ളൂ.

ഫോട്ടോയെടുക്കാൻ നിന്നപ്പോൾ സന്തോഷം കൊണ്ട് അമ്മച്ചി കരച്ചിലായിരുന്നു. അമ്മച്ചിയുടെ കരച്ചിൽ കണ്ട് എനിക്ക് വിഷമമായി. സന്തോഷം നിറഞ്ഞ ദിവസങ്ങൾ വരുമ്പോൾ അമ്മച്ചിക്ക് എപ്പോഴും ആനന്ദ കണ്ണീർ വരും. കല്യാണം വലിയ പരിപാടിയായിരിക്കും എല്ലാവരേയും വിളിക്കും'', ബിനീഷ് വ്ളോഗിൽ പറഞ്ഞു.

''ബിനീഷിന്റെ വീട്ടിൽ എത്തിയപ്പോൾ ഇത് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് ചിന്തിച്ചു പോയി. വീഡിയോയിൽ മാത്രമാണ് ഞാൻ ഈ വീട് കണ്ടിട്ടുള്ളത്. വീട്ടിലേക്ക് കയറുമ്പോഴും നെഞ്ചിടിക്കുന്നുണ്ടായിരുന്നു. ആദ്യമായി വലതുകാൽ വെച്ച് വീട്ടിലേക്ക് കയറുന്നതിന്റെ ടെൻഷനും ഉണ്ടായിരുന്നു'', എന്നായിരുന്നു താരയുടെ പ്രതികരണം.