ജെഎൻയു വിദ്യാര്‍ത്ഥികൾക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും സര്‍വകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടയിലായിരുന്നു ദീപികയുടെ സന്ദര്‍ശനം. 

ദില്ലി: ജെഎന്‍യു ക്യാമ്പസില്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ബോളിവുഡ് നടി ദീപിക പദുകോണിന്റെ സിനിമകൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗ. “തുക്ടെ-തുക്ടെ സംഘത്തെ പിന്തുണച്ചതിന് ദീപികയുടെ സിനിമകൾ ബഹിഷ്കരിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു,” ബഗ്ഗ ട്വീറ്റ് ചെയ്തു.

Scroll to load tweet…

ജെഎൻയു വിദ്യാര്‍ത്ഥികൾക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും സര്‍വകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടയിലായിരുന്നു ദീപികയുടെ സന്ദര്‍ശനം. ഇന്നലെ വൈകിട്ട് എട്ടുമണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ദീപിക ക്യാമ്പസിലെത്തിയത്. സമരം നടക്കുന്ന സബ‍ര്‍മതി ധാബയിലെത്തി വിദ്യാര്‍ത്ഥികളെ കണ്ട ശേഷമായിരുന്നു ദീപിക പദുകോൺ മടങ്ങിയത്. 

Read More:ജെഎന്‍യുവില്‍ ഐക്യദാര്‍ഢ്യം; ദീപികയുടെ സിനിമകള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം, ട്വിറ്റര്‍ ട്രെന്‍ഡിങ്

പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷ ഘോഷ്, മുൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ എന്നിവരോട് സംസാരിച്ചു. ഇതിന് പിന്നാലെ ദീപികയെ പിന്തുണച്ചുകൊണ്ടും വിമർശിച്ചുകൊണ്ടും നിരവധി പേരാണ് രം​ഗത്തെത്തിയത്. ഈ മാസം 10ന് പുറത്തിറങ്ങുന്ന ദീപികയുടെ ഏറ്റവും പുതിയ ചിത്രമായ ഛപാക് ബഹിഷ്കരിക്കണമെന്ന തരത്തിൽ ട്വീറ്ററിൽ ഉൾപ്പടെ പ്രചരണം നടന്നിരുന്നു.