"ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന് പ്രേക്ഷകരില്‍ ഒരു വിഭാഗം പറയുന്നത് കേട്ടിരിക്കുമല്ലോ എന്ന ചോദ്യത്തിന് ബോബി സിംഹയുടെ മറുപടി"

തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നു ഇന്ത്യന്‍ 2. 28 വര്‍ഷം മുന്‍പ് പ്രദര്‍ശനത്തിനെത്തിയ ഒരു കള്‍ട്ട് ചിത്രത്തിന്‍റെ സീക്വല്‍ എന്നത് തന്നെയായിരുന്നു അതിന് കാരണം. എന്നാല്‍ റിലീസ് ദിനം മുതല്‍ ചിത്രത്തിന് അത്ര മികച്ച പ്രതികരണങ്ങളല്ല ലഭിച്ചത്. പ്രതീക്ഷിച്ചത്ര ഉയര്‍ന്നില്ലെന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇപ്പോഴിതാ ചിത്രത്തിനെതിരായ വിമര്‍ശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബോബി സിംഹ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. 

ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന് പ്രേക്ഷകരില്‍ ഒരു വിഭാഗം പറയുന്നത് കേട്ടിരിക്കുമല്ലോ എന്ന ചോദ്യത്തിന് ബോബി സിംഹയുടെ മറുപടി ഇങ്ങനെ- "തങ്ങള്‍ വളരെ ബുദ്ധിയുള്ളവര്‍ ആണെന്നാണ് എല്ലാവരും കരുതുന്നത്. നല്ലതിനെ നല്ലതെന്ന് പറഞ്ഞാല്‍ മറ്റുള്ളവര്‍ തങ്ങളെ ബുദ്ധിയില്ലാത്തവരെന്ന് കരുതുമെന്നാണ് ചിലരുടെ ധാരണ. അതിനാല്‍ വിമര്‍ശിക്കാനായി അവര്‍ കാരണങ്ങള്‍ കണ്ടെത്തുന്നു. അത്തരക്കാരെ ഗൗനിക്കേണ്ടതില്ല. കുടുംബ പ്രേക്ഷകര്‍ക്ക് ചിത്രം ഇഷ്ടമായോ എന്നാണ് നമുക്ക് അറിയേണ്ടത്. ബുദ്ധിജീവികളുടെ അഭിപ്രായം നമുക്ക് ആവശ്യമില്ല", ബോബി സിംഹ പറഞ്ഞു. 

ഇന്ത്യന്‍ 2 മാത്രം വച്ച് ഒരു വിധിതീര്‍പ്പിന് മുതിരരുതെന്നും മൂന്നാം ഭാഗം വരുന്നുണ്ടല്ലോ എന്നും ബോബി സിംഹ കൂട്ടിച്ചേര്‍ത്തു. മൂന്നാം ഭാഗം ഇതിലും ഗംഭീരമായിരിക്കുമെന്നും. പ്രമോദ് കൃഷ്ണസ്വാമി എന്ന കഥാപാത്രത്തെയാണ് ബോബി സിംഹ ഇന്ത്യന്‍ 2 ല്‍ അവതരിപ്പിച്ചിരിക്കുന്നത്. കമല്‍ ഹാസന്‍ ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, വിവേക്, നെടുമുടി വേണു, സമുദ്രക്കനി, കാളിദാസ് ജയറാം തുടങ്ങി വന്‍ താരനിരയുമുണ്ട്. 

ALSO READ : ഇനി നടന്‍ വിനീത് ശ്രീനിവാസന്‍; 'ഒരു ജാതി ജാതകം' റിലീസ് തീയതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം