കൊൽക്കത്ത:  ബംഗാളി നടി ആര്യ ബാനർജിയെ കൊൽക്കത്തയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാം നിലയിലുള്ള അപ്പാർട്ട്‌മെന്റിലെ കിടപ്പുമുറിയാലാണ് 33 കാരിയായ ആര്യയുടെ മൃതദേഹം കണ്ടെത്തിയത്. അന്തരിച്ച സിത്താർ വാദകൻ നിഖിൽ ബന്ദോപാധ്യായയുടെ മകളായ ആര്യ ലവ് സെക്സ് ഔർ ധോഖ (2010), ദ ഡേർട്ടി പിക്ചർ (2011) ഉൾപ്പെടെയുള്ള ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

മുംബൈയിൽ മോഡലായും പ്രവർത്തിച്ചിട്ടുണ്ട്. ടെലിവിഷന്‍ പരിപാടിയായ സാവധാന്‍ ഇന്ത്യയിലും ആര്യ പ്രവർത്തിച്ചിരുന്നു. രാവിലെ കോളിംഗ് ബെൽ അടിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വാതിൽ പൊളിച്ചാണ് പൊലീസ് വീട്ടിനുള്ളിൽ പ്രവേശിച്ചത്. അപ്പോഴാണ് ആര്യ മരിച്ചുകിടക്കുന്നത് കണ്ടത്. 

മരണത്തില്‍ അന്വേഷണം നടത്തുകയാണ് എന്നാണ് കൊൽക്കത്ത പൊലീസ് അറിയിക്കുന്നത്. ഇവര്‍ ഒറ്റയ്ക്കാണ് ഇവിടെ താമസം എന്നാണ് വിവരം. പ്രഥമിക അന്വേഷണത്തില്‍ അസ്വഭാവികതയില്ലെന്നാണ് റിപ്പോര്‍ട്ട്.