ദീപിക പദുക്കോണ്‍ നായികയാവുന്ന പത്താനിലാണ് ഷാരൂഖ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍(Shah Rukh Khan)വ്യക്തിപരമായി ഏറ്റവുമധികം സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ച ദിവസങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ ആവണം. മകന്‍ ആര്യന്‍ ഖാന്‍റെ(Aryan Khan) ലഹരിക്കേസിലെ അപ്രതീക്ഷിത അറസ്റ്റ്, തുടര്‍ന്ന് ഒരു മാസത്തോളം നീണ്ട ജയില്‍ വാസം, മണിക്കൂറില്‍ പലതെന്ന കണക്കില്‍ ദേശീയ മാധ്യമങ്ങളിലടക്കം നിരന്തരം അപ്ഡേറ്റുകള്‍. സിനിമാ ചിത്രീകരണങ്ങള്‍ക്കും ജോലിസംബന്ധമായ മറ്റു കാര്യങ്ങള്‍ക്കും അവധി കൊടുത്ത് മകന്‍റെ കേസിന്‍റെ നിയമവഴിയില്‍ മാത്രമാണ് ഷാരൂഖ് ഖാന്‍ ശ്രദ്ധിച്ചത്. ഇപ്പോഴിതാ ഷൂട്ടിം​ഗ് സെറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഷാരൂഖ്. 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ ഭാര്യ ഗൗരി ഖാനും തന്റെ ഡിസൈനര്‍ സ്റ്റുഡിയോയിലേക്ക് തിരികെയെത്തിയിരുന്നു. ആര്യന്റെ അറസ്റ്റിന് ശേഷം ഷാരൂഖിന്റെ കുടുംബം സോഷ്യല്‍ മീഡിയയിലും മറ്റ് പൊതുചടങ്ങുകളിലും സജീവമായിരുന്നില്ല. 

ദീപിക പദുക്കോണ്‍ നായികയാവുന്ന പത്താനിലാണ് ഷാരൂഖ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ആറ്റ്‌ലിയുടെ പേരിടാത്ത ചിത്രത്തിലും ഷാരൂഖ് അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

View post on Instagram

ഒക്ടോബർ രണ്ടിന് ആയിരുന്നു ആര്യൻ ഖാന്റെ പേര് ലോകം മുഴുവനും ശ്രദ്ധാ കേന്ദ്രമായത്. ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്ത എട്ട് പേരിൽ ഒരാളായിരുന്നു ആര്യൻ. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ആര്യൻ ഖാൻ ഉൾപ്പെടുന്ന ലഹരിപ്പാർട്ടി നടന്നത്. എൻസിബിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ആര്യനെയും മറ്റ് ഏഴ് പേരെയും കസ്റ്റഡിയിൽ എടുത്തു. ഒക്ടോബർ 28നാണ് ആര്യൻ ഖാന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആര്യനു വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയാണ് ഹൈക്കോടതിയിൽ ഹാജരായത്. ആര്യനിൽ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.