ദില്ലി: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പിതൃസഹോദരപുത്രി നൂര്‍ ജഹാന്‍ അന്തരിച്ചു. പാകിസ്താനിലെ പെഷവാറിലായിരുന്നു അന്ത്യം. മരണവാര്‍ത്ത കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചതായി പാകിസ്ഥാനിൽനിന്നുള്ള മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നൂര്‍ ജഹാന്റെ ഇളയസഹോദരന്‍ മന്‍സൂര്‍ അഹമ്മദാണ് ചൊവ്വാഴ്ച മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ദീര്‍ഘനാളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു നൂര്‍ ജഹാന്‍.

പെഷവാറിലെ മൊഹല്ലാ വാലി ക്വതാൽ പ്രദേശത്ത് ഖിസ്സാ ക്വാനി ബസാറിന് സമീപമാണ് നൂർ ജഹാൻ താമസിച്ചിരുന്നത്. മാതാപിതാക്കളായ ലത്തീഫ് ഫാതിമ ഖാന്‍, താജ് മുഹമ്മദ് ഖാന്‍ എന്നിവര്‍ക്കൊപ്പം രണ്ട് തവണ ഷാരൂഖ് ഖാന്‍ പെഷവാറിലെ ബന്ധുക്കളെ സന്ദര്‍ശിച്ചിരുന്നു. രണ്ട് തവണ ഷാരൂഖിനെ കാണാന്‍ നൂര്‍ ജഹാനും ഇന്ത്യയിലെത്തിയിരുന്നതായും ജിയോ റിപ്പോർ‌ട്ട് ചെയ്തു. ഷാരൂഖുമായും ഇന്ത്യയിലെ മറ്റ് ബന്ധുക്കളുമായും നൂര്‍ ജഹാനും കുടുംബത്തിനും നല്ല ബന്ധമാണുണ്ടായിരുന്നതെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

നൂര്‍ ജഹാനും ഭര്‍ത്താവിനുമൊപ്പമുള്ള ഷാരൂഖ് ഖാന്റെ ചിത്രങ്ങള്‍ ഫാന്‍ ക്ലബുകള്‍ മുമ്പ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. രാഷ്ട്രീയപ്രവര്‍ത്തകയായിരുന്ന നൂര്‍ ജഹാന്‍ ഡിസ്ട്രിക്റ്റ്, ടൗണ്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രൊവിന്‍ഷ്യല്‍ അസംബ്ലിയിലേക്ക് നാമനിര്‍ദേശകപത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും അവസാന നിമിഷം നൂര്‍ ജഹാന്‍ പത്രിക പിന്‍വലിക്കുകയായിരുന്നു.