കൊറിയർ കമ്പനിയിലെ ഉദ്യോഗസ്ഥൻ ദീപക് ശർമയാണ് എന്ന് പരിചയപ്പെടുത്തി ഒരു ഫോൺ കോൾ അഞ്ജലിക്കു വന്നു. തായ്വാനിൽനിന്ന് അഞ്ജലിക്കൊരു പാഴ്സൽ എത്തിയിട്ടുണ്ടെന്നും അതിൽ ലഹരിമരുന്ന് ഉള്ളതിനാൽ കസ്റ്റംസ് തടഞ്ഞ് വച്ചിരിക്കുകയാണ് എന്നുമായിരുന്നു സന്ദേശം.
മുംബൈ: പൊലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന ബോളിവുഡ് നടിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയതിന് പിന്നിൽ വൻ തട്ടിപ്പ് സംഘമെന്ന് പൊലീസ്. മലയാളത്തിൽ ഉൾപ്പടെ നിരവധി സിനിമകളിൽ അഭിനയിച്ച അഞ്ജലി പാട്ടീലാണ് 5.79 ലക്ഷം രൂപയുടെ സൈബർ തട്ടിപ്പിന് ഇരയായത്. ന്യൂട്ടൺ, കാല, ഫൈന്‍റിംഗ്, ഫാനി, തുടങ്ങിയ ചിത്രത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച അഭിനേത്രി അഞ്ജലി പാട്ടീൽ തട്ടിപ്പിന് ഇരയായത് കഴിഞ്ഞയാഴ്ചയാണ്. അഞ്ജലിയുടെ പേരിൽ വന്ന കൊറിയറിൽ മയക്കുമരുന്ന് കണ്ടെത്തിയെന്നു പറഞ്ഞായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്.
ഫെഡ്എക്സ് എന്ന കൊറിയർ കമ്പനിയിയുടേ പേര് പറഞ്ഞാണ് തട്ടിപ്പ് സംഘം നടിയെ സമീപിച്ചത്. കൊറിയർ കമ്പനിയിലെ ഉദ്യോഗസ്ഥൻ ദീപക് ശർമയാണ് എന്ന് പരിചയപ്പെടുത്തി ഒരു ഫോൺ കോൾ അഞ്ജലിക്കു വന്നു. തായ്വാനിൽനിന്ന് അഞ്ജലിക്കൊരു പാഴ്സൽ എത്തിയിട്ടുണ്ടെന്നും അതിൽ ലഹരിമരുന്ന് ഉള്ളതിനാൽ കസ്റ്റംസ് തടഞ്ഞ് വച്ചിരിക്കുകയാണ് എന്നുമായിരുന്നു സന്ദേശം. അഞ്ജലിയുടെ ആധാർ കാർഡും പാഴ്സലിൽനിന്ന് കണ്ടെടുത്തെന്നും സ്വകാര്യ വിവരങ്ങൾ പുറത്താകാതിരിക്കാൻ എത്രയും പെട്ടെന്ന് മുംബൈ സൈബർ പൊലീസിനെ ബന്ധപ്പെടാനും നിർദ്ദേശം വന്നു.
ഇതിനു തൊട്ടുപിന്നാലെ മുംബൈ സൈബർ പൊലീസിൽ നിന്ന് ബാനർജിയാണെന്നു പരിചയപ്പെടുത്തി സ്കൈപ്പിൽ മറ്റൊരു കോൾ കൂടി വന്നു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട മൂന്ന് ബാങ്ക് അക്കൗണ്ടുകളുമായി അഞ്ജലിയുടെ ആധാർ കാർഡ് ബന്ധിപ്പിച്ചിട്ടുണ്ടെന്നും അയാൾ പറഞ്ഞു. അഞ്ജലിയുടെ നിരപരാധിത്വം തെളിയിക്കാമെന്നു പറഞ്ഞ് പ്രൊസസിങ് ഫീസായി അവരിൽനിന്ന് 96,525 രൂപയും വാങ്ങി. തുടർന്ന് കേസ് അവസാനിപ്പിക്കാനായി പഞ്ചാബ് നാഷനൽ ബാങ്കിലെ ഒരു അക്കൗണ്ടിലേക്ക് 4,83,291 രൂപ ഇടാനും ആവശ്യപ്പെട്ടു.
കുറച്ചു ദിവസങ്ങൾക്കു ശേഷം വീട്ടുടമസ്ഥനോട് കാര്യം പറഞ്ഞപ്പോഴാണ് താൻ സൈബർ തട്ടിപ്പിന്റെ ഇരയായതാണെന്ന് അഞ്ജലിക്ക് മനസ്സിലായത്. തുടർന്ന് ഡിഎൻ നഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സാധനങ്ങൾ ഓരോ ഇടങ്ങിളിലേക്ക് എത്തിക്കുമ്പോഴും വ്യക്തിവരങ്ങൾ ഫോൺകോളിലൂടെയോ ഈ മെയിലിലൂടെയോ തങ്ങൾ ചോദിക്കാറില്ലെന്ന് കൊറിയർ കമ്പനിയായ ഫെഡെക്സ് വ്യക്തമാക്കി. സമാനമായ സന്ദേശം എത്തിയാൽ പൊലീസിനെ ഉടൻ അറിയിക്കണമെന്നും കമ്പനി വ്യക്തമാക്കി.
Read More : 'മോസ്റ്റ് വാണ്ടഡ് ക്രിമിനൽ'; ആ വീഡിയോ വ്യാജം, മസൂദ് അസ്ഹർ കൊല്ലപ്പെട്ടിട്ടില്ല, എല്ലാം മാസ്റ്റർ പ്ലാനോ ?
