ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് ബോളിവുഡ് താരനിര. അക്ഷയ് കുമാര്‍, ഹൃത്വിക് റോഷന്‍, സല്‍മാന്‍ ഖാന്‍, അനുഷ്‍ക ശര്‍മ്മ, അമിതാഭ് ബച്ചന്‍, തപ്‍സി പന്നു തുടങ്ങി പ്രമുഖ താരങ്ങളില്‍ മിക്കവരും വിഷയത്തില്‍ പ്രതികരണവുമായെത്തി. 

ലഡാക്കില്‍ ജീവന്‍ പൊലിഞ്ഞതിനെക്കുറിച്ചുള്ള വാര്‍ത്ത തന്നില്‍ ഹൃദയഭാരമുണ്ടാക്കിയെന്നും എന്നാല്‍ രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും ഹൃത്വിക് ട്വിറ്ററില്‍ കുറിച്ചു. "കര്‍ത്തവ്യ നിര്‍വ്വഹണത്തിനിടെ വീരമൃത്യു വരിച്ച സൈനികരോട് അങ്ങേയറ്റം ബഹുമാനം. അവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനവും പ്രാര്‍ഥനകളും", ഹൃത്വിക് ട്വിറ്ററില്‍ കുറിച്ചു.

വീരമൃത്യു വരിച്ച സൈനികരുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അക്ഷയ് കുമാറിന്‍റെ ട്വീറ്റ്. ഗല്‍വാന്‍ താഴ്‍വരയില്‍ വീരമൃത്യു വരിച്ച ധീരരെക്കുറിച്ചുള്ള വാര്‍ത്ത വ്യസനത്തിലാക്കിയെന്നും അവരോട് നാം എക്കാലത്തേക്കും കടപ്പെട്ടിരിക്കുമെന്നും അക്ഷയ് കുമാര്‍ കുറിച്ചു. അവരുടെ കുടുംബങ്ങളോട് ഹൃദയത്തില്‍ തൊട്ടുള്ള അനുശോചനം അറിയിക്കുന്നുവെന്നും.

ഈ ത്യാഗം വെറുതെയാവില്ലെന്നാണ് സല്‍മാന്‍ ഖാന്‍റെ ട്വീറ്റ്. "ഗല്‍വാന്‍ താഴ്‍വരയില്‍ ജീവന്‍ വെടിഞ്ഞ ഓരോ ധീരര്‍ക്കും വേണ്ടി എന്‍റെ ഹൃദയം തുടിക്കുന്നു. അവരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു", എന്നാല്‍ സല്‍മാന്‍റെ കുറിപ്പ്. 

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തിങ്കളാഴ്‍ച വൈകിട്ടുണ്ടായ സംഘര്‍ഷത്തില്‍ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. ഗല്‍വാന്‍ താഴ്‍വരയിലെ പ്രധാന മേഖലകളിലൊന്നായ കീ പോയിന്‍റ് 14ല്‍ ചൈന സ്ഥാപിച്ച ടെന്‍റ് മാറ്റാന്‍ ചൈനീസ് സൈന്യം തയ്യാറാവാത്തതാണ് സംഘര്‍ഷത്തിനു വഴിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.