നടന്‍ ഇര്‍ഫാന്‍ ഖാന്‍റെ മരണത്തില്‍ ഞെട്ടി ബോളിവുഡ്. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്നാണ് മരണം. താരത്തിന്‍റെ മരണത്തില്‍ വിശ്വസിക്കാനാകാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് സഹപ്രവര്‍ത്തകര്‍. വലിയ ശൂന്യതയെന്നാണ് നടന്‍ അമിതാഭ് ബച്ചന്‍ ഇര്‍ഫാന്‍ ഖാന്‍റെ മരണത്തോട് പ്രതികരിച്ചത്...

ഇതിലും ദുഃഖകരമായ മറ്റൊരു വാര്‍ത്ത കേള്‍ക്കാനില്ലെന്ന് നടന്‍ അനുപം ഖേര്‍ പ്രതികരിച്ചു. മികച്ച നടനും നല്ല മനുഷ്യനാണ് ഇര്‍ഫാന്‍ ഖാനെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 

സണ്ണി ഡിയോള്‍, ഭൂമി പഡ്നേക്കര്‍, ഊര്‍മിള മഡോത്കര്‍, റവീണ ടാണ്ഡന്‍ തുടങ്ങിയ താരങ്ങള്‍ അദ്ദേഹത്തിന്‍റെ മരണത്തില്‍ അനുശോചിച്ച് ട്വീറ്റ് ചെയ്തു. മരണവാര്‍ത്തയറിഞ്ഞ്‍ താന്‍ ഞെട്ടിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു.

ഇന്ത്യന്‍ സിനിമയ്ക്ക് തീരാ നഷ്ടമെന്ന് രണ്‍ദീപ് ഹൂഡ. അദ്ദേഹത്തിന്‍റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി നടന്‍മാരായ റിതേഷ് ദേശ്മുഖ്, ജോണ്‍ എബ്രഹാം തുടങ്ങിയവരും ട്വീറ്റ് ചെയ്തു. 

 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അനാരോഗ്യത്തിന്‍റെ പിടിയിലായിരുന്നു ഇര്‍ഫാന്‍ ഖാന്‍. 2018ലാണ് അദ്ദേഹത്തിന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് യുകെയിലായിരുന്നു ചികിത്സ. ആരോഗ്യം വീണ്ടെടുത്തതിനു ശേഷം പൂര്‍ത്തിയാക്കാനുണ്ടായിരുന്ന ചിത്രം 'അംഗ്രേസി മീഡിയം' അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ കൊവിഡ് ലോക്ക് ഡൗണ്‍ നിലവില്‍ വരുന്നതിന് തൊട്ടുമുന്‍പായിരുന്നു റിലീസ്. തുടര്‍ന്ന് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലും നിര്‍മ്മാതാക്കള്‍ ചിത്രം റിലീസ് ചെയ്‍തു. 'അംഗ്രേസി മീഡിയം' ഒഴിച്ചുനിര്‍ത്തിയാല്‍ അനാരോഗ്യം കാരണം കഴിഞ്ഞ ഒരു വര്‍ഷമായി സിനിമാലോകത്തുനിന്നും അകന്നുനില്‍ക്കുകയായിരുന്നു ഇര്‍ഫാന്‍ ഖാന്‍. ഈ ചിത്രത്തിനു ശേഷം പുതിയ സിനിമകളുടെയൊന്നും കരാറില്‍ ഒപ്പിട്ടിട്ടുമില്ല അദ്ദേഹം.

ഭാര്യ സുതപ സിക്ദറിനും മക്കള്‍ ബാബിലിനും അയനുമൊപ്പം മുംബൈയിലായിരുന്നു താമസം. ഏതാനും ദിവസം മുന്‍പാണ് ഇര്‍ഫാന്‍ ഖാന്‍റെ മാതാവ് സയ്യിദ ബീഗം അന്തരിച്ചത്. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ ആയിരുന്ന ഇര്‍ഫാന് മാതാവിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ജയ്‍പൂരില്‍ എത്താനായിരുന്നില്ല.