'മോദി: ജേണി ഓഫ് എ കോമണ്‍മാന്‍' എന്ന പേരില്‍ ഉമേഷ് ശുക്ലയാണ് വെബ് സീരിസ് അണിയിച്ചൊരുക്കുന്നത്. മോദിയുടെ കവിതകള്‍ കൂടി ഉള്‍പ്പെടുത്തിയുളളതാകും ഇത്. മോദിയുടെ കവിതകള്‍ക്ക് സംഗീതം പകരുന്നത് സലിം സുലൈമാനും ആലാപനം നിര്‍വ്വഹിക്കുക സോനു നിഗവുമായിരിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന 'പി എം നരേന്ദ്രമോദി' എന്ന ചിത്രം തീയറ്ററുകലിലെത്താനായി കാത്തുനില്‍ക്കുകയാണ്. വിവേക് ഒബ്രോയി മോദിയായെത്തുന്ന ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട തര്‍ക്കം ഇനിയും അവസാനിച്ചിട്ടില്ല. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം തടയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തുണ്ട്.

അതിനിടയിലാണ് മോദിയുടെ ജീവിതം വെബ് സീരിസായി അവതരിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. 'മോദി: ജേണി ഓഫ് എ കോമണ്‍മാന്‍' എന്ന പേരില്‍ ഉമേഷ് ശുക്ലയാണ് വെബ് സീരിസ് അണിയിച്ചൊരുക്കുന്നത്. മോദിയുടെ കവിതകള്‍ കൂടി ഉള്‍പ്പെടുത്തിയുളളതാകും ഇത്. മോദിയുടെ കവിതകള്‍ക്ക് സംഗീതം പകരുന്നത് സലിം സുലൈമാനും ആലാപനം നിര്‍വ്വഹിക്കുക സോനു നിഗവുമായിരിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു.

മോദിയുടെ കവിതകള്‍ വെബ് സീരിസില്‍ ഉള്‍പ്പെടുത്താനുള്ള അനുമതി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മോദിയുടെ പത്ത് കവിതകളാണ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളത്. പത്ത് ഭാഗങ്ങളുള്ള വെബ് സീരിസിലെ ഓരോ ഭാഗത്തിലും ഒരു കവിത എന്ന നിലയിലാകുമിത്. ഏപ്രില്‍ മാസത്തില്‍ തന്നെ മോദിയുടെ വെബ് സീരിസ് റിലീസ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. ഇന്‍റര്‍നെറ്റ് റീലീസ് ആയതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടലുണ്ടാകുമോയെന്ന് അറിയില്ലെന്നും റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ലെന്നും സംവിധായകന്‍ ഉമേഷ് ശുക്ല പ്രതികരിച്ചു.