ആന്‍റണി വര്‍ഗീസിനെ നായകനാക്കി പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത കാട്ടാളന്‍ എന്ന ചിത്രത്തിനെതിരെ സംഘടിതമായ ഡീഗ്രേഡിംഗ് നടക്കുന്നുവെന്ന് ആക്ഷേപം

ആന്‍റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത കാട്ടാളന്‍ എന്ന ചിത്രത്തിനെതിരെ സംഘടിതമായ ഡീഗ്രേഡിംഗ് നടക്കുന്നുവെന്ന് ആക്ഷേപം. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ ഫേക്ക് റിവ്യൂസിന്‍റെ അതിപ്രസരമാണെന്നും ആരോപണമുണ്ട്. നിലവില്‍ ബുക്ക് മൈ ഷോ ചിത്രത്തിന് റേറ്റിംഗ് നല്‍കാനുള്ള സൗകര്യം ഡിസേബിള്‍ ചെയ്തിട്ടുണ്ട്. ബുക്ക് മൈ ഷോ ഇത്തരത്തില്‍ ഒരു നടപടി സ്വീകരിക്കുന്നത് അപൂര്‍വ്വമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റിലീസിന് പിന്നാലെ ചിത്രത്തിനെതിരെ ഒരേ സ്വഭാവത്തിലുള്ള, വലിയ തോതിലുള്ള നെഗറ്റീവ് റിവ്യൂകളും റേറ്റിംഗുകളും പ്രത്യക്ഷപ്പെട്ടിരുന്നുവെന്നാണ് ആക്ഷേപം. സമൂഹ മാധ്യമങ്ങളിലും വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ചിത്രത്തിനെതിരെ ഒരേ രീതിയിലുള്ള പ്രതികരണങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നുവെന്നും വിലയിരുത്തലുകളുണ്ട്. അതേസമയം യഥാർഥ പ്രേക്ഷകരുടെ അഭിപ്രായങ്ങളാണ് ഒരു സിനിമയുടെ അന്തിമ വിലയിരുത്തൽ നിർണയിക്കേണ്ടതെന്നും എല്ലാവരും തിയറ്ററുകളിൽ എത്തി കാട്ടാളൻ കണ്ട ശേഷം സ്വന്തം അഭിപ്രായം രൂപീകരിക്കണമെന്നും അണിയറ പ്രവർത്തകർ അഭ്യർഥിച്ചിട്ടുണ്ട്.

മാര്‍ക്കോ നിര്‍മ്മാതാവില്‍ നിന്ന് എത്തുന്ന അടുത്ത ചിത്രം. അതും ആക്ഷന് പ്രാധാന്യമുള്ള ചിത്രം. ആന്‍റണി വര്‍​ഗീസ് നായകനാവുന്ന കാട്ടാളന്‍ എന്ന ചിത്രത്തിന് ലഭിച്ച പ്രധാന പ്രീ റിലീസ് ഹൈപ്പ് അതായിരുന്നു. ആക്ഷന്‍ റോളുകളില്‍ എപ്പോഴും മിന്നാറുള്ള ആന്‍റണി ക്യൂബ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനാവുന്നു എന്നത് സിനിമാപ്രേമികളെ സംബന്ധിച്ച് ആവേശം പകരുന്ന കാര്യമാണ്. ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിന്‍റേയും കഥ പറയുന്ന ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ് കാട്ടാളൻ. ചിത്രത്തിനായി ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ 'മാർക്കോ'യ്ക്ക് ശേഷം വീണ്ടും സഹകരിക്കുകയാണ്. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടർ പാർട്നർ. 'കെ.ജി.എഫ്', 'കാന്താര' തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്‍റെ കർണാടകയിലെ തിയേറ്റർ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming