നന്ദമുറി ബാലകൃഷ്‍ണയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് അഖണ്ഡ
തെലുങ്കിൽ കഴിഞ്ഞ വർഷത്തെ ശ്രദ്ധേയ വിജയങ്ങളിലൊന്നായിരുന്നു നന്ദമുറി ബാലകൃഷ്ണ നായകനായെത്തിയ ആക്ഷൻ ഡ്രാമ ചിത്രം അഖണ്ഡ (Akhanda). 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന ആദ്യ ബാലയ്യ ചിത്രമാണ് ഇത്. സാറ്റലൈറ്റ്, ഒടിടി, മ്യൂസിക്കൽ റൈറ്റ്സ് അടക്കം ചിത്രം 200 കോടി നേട്ടവും സ്വന്തമാക്കിയിരുന്നു. ബോയപതി ശ്രീനുവായിരുന്നു (Boyapati Srinu) ചിത്രത്തിന്‍റെ സംവിധാനം. ഇപ്പോഴിതാ അഖണ്ഡയുടെ വൻ വിജയത്തിനു ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് അദ്ദേഹം. പാൻ ഇന്ത്യൻ തലത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രത്തിൽ റാം പോതിനേനിയാണ് (Ram Pothineni) നായകൻ.
ശ്രീനിവാസ ചിറ്റൂരിയാണ് ചിത്രത്തിന്‍റെ നിർമ്മാണം. രണ്ട് തുടർച്ചയായ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം ശ്രീനിവാസ സിൽവർ സ്‌ക്രീൻ ബാനറില്‍ ശ്രീനിവാസ ചിറ്റൂരി നിര്‍മ്മിക്കുന്ന ചിത്രമാണിത്. റാം പോതിനേനി തന്നെ നായകനാവുന്ന മറ്റൊരു ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലുമാണ് അദ്ദേഹം. എന്‍ ലിംഗുസാമി സംവിധാനം ചെയ്യുന്ന ദ് വാറിയര്‍ ആണ് ഈ ചിത്രം. ഇതുവരെ പേരിട്ടിട്ടില്ലാത്ത ബോയപതി ശ്രീനു- റാം പോതിനേനി ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. തെലുങ്കിനൊപ്പം കന്നഡ, തമിഴ്, മലയാളം, ഹിന്ദി പതിപ്പുകളിലും പ്രദര്‍ശനത്തിനെത്തും. മികച്ച കഥയ്ക്കൊപ്പം മാസ് ഘടകങ്ങളും ചേര്‍ന്നതായിരിക്കും ചിത്രമെന്നാണ് അണിയറക്കാര്‍ പറയുന്നത്. ചിത്രത്തിലെ നായിക ഉള്‍പ്പെടെയുള്ള മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടും. പി ആർ ഒ മഞ്ജു ഗോപിനാഥ്.
അതേസമയം തിയറ്ററുകളില്‍ മികച്ച വിജയം നേടിയ അഖണ്ഡ ഒടിടി റിലീസിലൂടെയും നേട്ടമുണ്ടാക്കിയിരുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജനുവരി 21ന് വൈകിട്ട് 6നാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന് ഏറ്റവും മികച്ച ഓപണിംഗ് വ്യൂവര്‍ഷിപ്പ് നേടിക്കൊടുത്ത ചിത്രം ഏത് ഒടിടി പ്ലാറ്റ്ഫോമിലും ഒരു ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് തെലുങ്ക് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച പ്രതികരണവുമായിരുന്നു. സ്ട്രീമിംഗ് ആരംഭിച്ച് ആദ്യ 24 മണിക്കൂറില്‍ ലഭിച്ച വ്യൂവര്‍ഷിപ്പ് അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്ക്.
അഖോര സന്യാസിയായ അഖണ്ഡ രുദ്ര സിക്കന്ദര്‍, മുരളീ കൃഷ്‍ണ എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് ബാലയ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രഗ്യ ജയ്‍സ്വാള്‍ നായികയായ ചിത്രത്തില്‍ ജഗപതി ബാബു, ശ്രീകാന്ത്, നിതിന്‍ മെഹ്ത, പൂര്‍ണ്ണ, അവിനാഷ്, സുബ്ബരാജു, ശ്രാവണ്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. ബോയപ്പെട്ടി ശ്രീനുവാണ് സംവിധാനം. സംവിധായകനൊപ്പം എം രത്നവും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സി രാം പ്രസാദ് ആണ് ഛായാഗ്രഹണം. സംഗീതം എസ് തമന്‍, ദ്വാരക ക്രിയേഷന്‍സിന്‍റെ ബാനറില്‍ മിര്യാള രവീന്ദര്‍ റെഡ്ഡിയാണ് ചിത്രം നിര്‍മ്മിച്ചത്.
450 സ്ക്രീനുകള്‍, 1000 പ്രദര്‍ശനങ്ങള്‍; ജിസിസിയില്‍ സര്‍വ്വകാല റെക്കോര്‍ഡിലേക്ക് ആറാട്ട്
