ജാമില മിലിയ ഇസ്‌ലാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തിയ പൊലീസ് നടപടിയെ പ്രശംസിച്ചുള്ള ട്വീറ്റിന് ലൈക്ക് ചെയ്ത ബോളിവുഡ് താരം അക്ഷയ് കുമാറിനെതിരേ ട്വിറ്ററില്‍ പ്രതിഷേധം. 'കനേഡിയന്‍ കുമാറിനെ ബഹിഷ്‌കരിക്കുക' (boycott canedian kumar) എന്ന ഹാഷ് ടാഗില്‍ ഇത് വാര്‍ത്തയായതിന് പിന്നാലെ ക്യാംപെയ്‌നും ആരംഭിച്ചിരുന്നു. ആയിരക്കണക്കിന് ട്വീറ്റുകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ഈ ഹാഷ് ടാഗിനൊപ്പം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്.

എന്നാല്‍ പൊലീസ് നടപടിയെ പ്രകീര്‍ത്തിച്ചുള്ള പോസ്റ്റില്‍ ലൈക്ക് അടിച്ചത് അറിയാതെ സംഭവിച്ചതാണെന്ന വിശദീകരണവുമായി അക്ഷയ് കുമാര്‍ രംഗത്തെത്തിയിരുന്നു. 'ജാമിയ മിലിയയിലെ വിദ്യാര്‍ഥികളുടെ ട്വീറ്റ് ലൈക്ക് ചെയ്തതിനെക്കുറിച്ച്, അത് അബദ്ധത്തില്‍ സംഭവിച്ചതാണ്. സ്‌ക്രോള്‍ ചെയ്യുന്നതിനിടെ അബദ്ധവശാല്‍ ലൈക്ക് ബട്ടണ്‍ ഞെക്കിയതായിരിക്കണം. ഇക്കാര്യം തിരിച്ചറിഞ്ഞപ്പോള്‍ത്തന്നെ ആ ട്വീറ്റ് അണ്‍ലൈക്ക് ചെയ്യുകയുമുണ്ടായി. ഇത്തരം നടപടികളെ ഒര തരത്തിലും ഞാന്‍ പിന്തുണയ്ക്കുന്നില്ല', അക്ഷയ് കുമാറിന്റെ പ്രതികരണം വന്നത് ഇങ്ങനെ.

എന്നാല്‍ വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസിന്റെ നടപടിയെ സ്വാഗതം ചെയ്ത അക്ഷയ് കുമാറിന്റെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനത്തോടെയായിരുന്നു പിന്നാലെയുള്ള ട്വിറ്റര്‍ ക്യാംപെയ്ന്‍. വിദ്വേഷം പ്രചരിപ്പിക്കുന്ന ഒരു ട്വിറ്റര്‍ ഹാന്‍ഡില്‍ നിങ്ങള്‍ ഫോളോ ചെയ്യുന്ന കൂട്ടത്തിലുണ്ടോ എന്നും ചില ട്വിറ്റര്‍ ഉപയോക്താക്കള്‍ ചോദ്യമുയര്‍ത്തി. അക്ഷയ് കുമാര്‍ ഇതിലൂടെ തന്റെ രാഷ്ട്രീയ നിലപാടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ചിലര്‍ വിമര്‍ശനം ഉന്നയിച്ചു.