ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ മലയാളം പതിപ്പാണ് കേരളത്തിനൊപ്പം മറ്റ് സംസ്ഥാനങ്ങളിലും ഫെബ്രുവരി 15 ന് റിലീസ് ചെയ്യപ്പെട്ടത്

ഒരു മലയാള ചിത്രത്തിന് തിയറ്റര്‍ റിലീസിംഗ് സമയത്തുതന്നെ മറുഭാഷാ പ്രേക്ഷകരില്‍ നിന്ന് അഭിനന്ദനം ലഭിക്കുന്നത് അപൂര്‍വ്വമാണ്. ഒടിടി റിലീസ് സമയത്ത് അങ്ങനെ സംഭവിക്കാറുണ്ടെങ്കിലും തിയറ്റര്‍ റിലീസില്‍ അത് ഉണ്ടാവാറില്ല. മാര്‍ക്കറ്റിംഗിന്‍റെ അഭാവവും തിയറ്റര്‍ പ്രേക്ഷകരെ മുന്‍നിര്‍ത്തി പാന്‍ ഇന്ത്യന്‍ അപ്പീല്‍ ഉള്ള ചിത്രങ്ങള്‍ ഉണ്ടാവുന്നില്ല എന്നതുമൊക്കെയാണ് ഇതിന് കാരണം. എന്നാല്‍ മമ്മൂട്ടിയുടെ പുതിയ റിലീസ് ഭ്രമയുഗം ആദ്യ ദിനങ്ങളില്‍ തന്നെ മറുഭാഷാ പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം നേടിയിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ മികച്ച സ്ക്രീന്‍ കൗണ്ടോടെയുള്ള റിലീസ് എന്നത് കൂടാതെ ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന പാന്‍ ഇന്ത്യന്‍ ചിത്രം എന്നതും മലയാളികളല്ലാത്തവര്‍ക്കും ഈ ചിത്രത്തോട് താല്‍പര്യം ഉണ്ടാക്കിയ ഘടകമാണ്. ഇപ്പോഴിതാ മറ്റൊരു ഭാഷയിലും റിലീസിന് ഒരുങ്ങുകയാണ് ചിത്രം.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി മൊഴിമാറ്റ പതിപ്പുകളും അണിയറയില്‍ തയ്യാറായിരുന്നു. ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ മലയാളം പതിപ്പാണ് കേരളത്തിനൊപ്പം മറ്റ് സംസ്ഥാനങ്ങളിലും ഫെബ്രുവരി 15 ന് റിലീസ് ചെയ്യപ്പെട്ടത്. ചിത്രം ശ്രദ്ധ നേടിയതിന് പിന്നാലെ മൊഴിമാറ്റ പതിപ്പുകളുടെ റിലീസ് എന്നാണെന്ന അന്വേഷണങ്ങളും സിനിമാപ്രേമികളില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ അതിനുള്ള ഉത്തരം നിര്‍മ്മാതാക്കളില്‍ നിന്ന് എത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പാണ് ആദ്യം തിയറ്ററുകളില്‍ എത്തുക. റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 23 ന് ചിത്രം തിയറ്ററുകളിലെത്തും. തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ആണ് ചിത്രം വിതരണം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്.

തമിഴ്, കന്നഡ, ഹിന്ദി പതിപ്പുകളുടെ റിലീസ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള്‍ വൈകാതെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ALSO READ : ഒപ്പത്തിനൊപ്പം, ആര് മുന്നിൽ? ബോക്സ് ഓഫീസിൽ തരംഗമായി 'പ്രേമയുഗം'; രണ്ട് ചിത്രങ്ങളും ചേര്‍ന്ന് ശനിയാഴ്ച നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം