ഫെബ്രുവരി 15 നായിരുന്നു മലയാളം പതിപ്പിന്‍റെ റിലീസ്

മലയാള സിനിമയുടെ കേരളത്തിന് പുറത്തുള്ള സ്ക്രീന്‍ കൗണ്ടില്‍ സമീപ വര്‍ഷങ്ങളില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. ഓവര്‍സീസ് മാര്‍ക്കറ്റ് മുന്‍പ് ഗള്‍ഫ് മാത്രമായിരുന്നെങ്കില്‍ ഇന്നത് യുഎസ്, യുകെ, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലേക്കൊക്കെ നീണ്ടിരിക്കുന്നു. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും മികച്ച സ്ക്രീന്‍ കൗണ്ടോടെ റിലീസ് സംഭവിക്കുന്നുണ്ടെങ്കിലും മലയാളികളല്ലാത്ത പ്രേക്ഷകരിലേക്ക് ചിത്രങ്ങള്‍ കാര്യമായി എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ പാന്‍ ഇന്ത്യന്‍ എന്ന് വിളിക്കാവുന്ന ഒരു ഹിറ്റ് ഒരു മലയാള ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ഇനിയും ലഭിച്ചിട്ടില്ല. ഇപ്പോഴിതാ അതിന് ഒരു സാധ്യത തെളിഞ്ഞിരിക്കുകയാണ്. മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം ഭ്രമയുഗമാണ് മറ്റ് ഭാഷകളിലെ റിലീസിന് ഒരുങ്ങുന്നത്.

ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തിയ മലയാളം പതിപ്പിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന്‍റെ മലയാളം പതിപ്പ് തന്നെയാണ് ആദ്യ ഘട്ടത്തില്‍ മറ്റ് സംസ്ഥാന കേന്ദ്രങ്ങളിലും റിലീസ് ചെയ്യപ്പെട്ടത്. ഇത് മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ചയായിരുന്നു. അവരില്‍ നിന്ന് സോഷ്യല്‍ മീഡിയ റിവ്യൂസും ലഭിച്ചിരുന്നു. പിന്നാലെ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന്‍റെ റിലീസ് നിര്‍മ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് പ്രഖ്യാപിച്ചു. ഫെബ്രുവരി 23 ന് തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. ഇപ്പോഴിതാ മലയാള സിനിമയെ സംബന്ധിച്ച് ആവേശം പകരുന്ന മറ്റൊരു പ്രഖ്യാപനം കൂടി നിര്‍മ്മാതാക്കളില്‍ നിന്ന് എത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ തമിഴ്, കന്നഡ പതിപ്പുകളും റിലീസ് ചെയ്യാന്‍ പോകുന്നു എന്നതാണ് അത്.

ഈ പതിപ്പുകളുടെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. തെലുങ്ക് പതിപ്പ് എത്തുന്ന അതേദിവസം തന്നെ, ഫെബ്രുവരി 23 ന് തന്നെയാണ് തമിഴ്, കന്നഡ പതിപ്പുകളും തിയറ്ററുകളില്‍ എത്തുക. അതത് ഭാഷാ പതിപ്പുകള്‍ അതതിടങ്ങളിലെ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. അങ്ങനെ സംഭവിച്ചാല്‍ മലയാളത്തിന് ഒരു പുതിയ തുടക്കമാവും മമ്മൂട്ടിയും ഭ്രമയുഗവും ചേര്‍ന്ന് നല്‍കുക. ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷനെയും ഇത് വലിയ അളവില്‍ സ്വാധീനിക്കും.

ALSO READ : 'പുതിയ അദ്ധ്യായത്തിന്‍റെ ആരംഭം'; അഞ്ജലി മേനോന്‍ ചിത്രത്തെക്കുറിച്ച് നിര്‍മ്മാതാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം