ചിത്രം ഇന്ന് അര്‍ധരാത്രി മുതല്‍

പൃഥ്വിരാജിന്‍റെ (Prithviraj Sukumaran) രണ്ടാമത്തെ സംവിധാന സംരംഭമായ 'ബ്രോ ഡാഡി' (Bro Daddy) ഇന്ന് അര്‍ധരാത്രി പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രത്തിന് വേറിട്ട രീതിയിലുള്ള പ്രൊമോഷന്‍ രീതിയാണ് അണിയറക്കാര്‍ സ്വീകരിച്ചത്. മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കുന്നതിന് പകരം താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ ഉള്‍പ്പെടുന്ന ലഘു വീഡിയോകളാണ് പുറത്തെത്തിയത്. ചിത്രം പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ രസകരമായ ട്വീറ്റുകളിലൂടെ അവസാനവട്ട പ്രൊമോഷന്‍ നടത്തുകയാണ് അണിയറക്കാര്‍.

മോഹന്‍ലാല്‍ നടത്തിയ ഒരു ട്വീറ്റിനുള്ള പ്രതികരണം എന്ന നിലയ്ക്ക് പൃഥ്വിരാജും ആന്‍റണി പെരുമ്പാവൂരുമൊക്കെ നടത്തിയ ട്വീറ്റുകളാണ് സിനിമാപ്രേമികളുടെ ശ്രദ്ധ നേടുന്നത്. 'ഈശോ ജോണ്‍ കാറ്റാടിയെപ്പോലെ ഒരു മകന്‍ ഏതൊരു അച്ഛന്‍റെയും സ്വപ്‍നമാണ്. ഞാന്‍ തമാശ പറയുകയല്ല' എന്നായിരുന്നു മോഹന്‍ലാലിന്‍റെ ട്വീറ്റ്. 'ബ്രോ ഡാഡി'യില്‍ ഈശോ ജോണ്‍ കാറ്റാടി പൃഥ്വിരാജും അച്ഛന്‍ ജോണ്‍ കാറ്റാടി മോഹന്‍ലാലുമാണ്. ഈ ട്വീറ്റിനു താഴെ ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ആന്‍റണി പെരുമ്പാവൂരും പൃഥ്വിരാജും നടത്തിയിരിക്കുന്ന പ്രതികരണങ്ങളാണ് ഏറെ രസകരം. പല മോഹന്‍ലാല്‍ ചിത്രങ്ങളിലേതിനും സമാനമായി പൊലീസ് വേഷത്തിലാണ് ആന്‍റണി പെരുമ്പാവൂര്‍ ബ്രോ ഡാഡിയിലും പ്രത്യക്ഷപ്പെടുന്നത്. 'എസ്ഐ ആന്‍റണി' എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. 'എസ് ഐ ആന്‍റണി'യെ നായകനാക്കിയുള്ള ചിത്രത്തെക്കുറിച്ചാണ് ആന്‍റണി പെരുമ്പാവൂര്‍ ചോദിക്കുന്നത്.

Scroll to load tweet…

"സെറ്റ് ആക്കാം അണ്ണാ. തീ പാറും. ബൈ ദി ബൈ ആ എംപുരാന്‍ ബജറ്റില്‍ ഒന്നൂടെ ഇരിക്കണം", എന്നാണ് പൃഥ്വിരാജ് ഇതിനു നല്‍കിയിരിക്കുന്ന പ്രതികരണം. കൂടാതെ 'ജോണ്‍ കാറ്റാടി' എന്ന അച്ഛനില്‍ നിന്നും അഭിനന്ദനം ലഭിച്ചതിലെ അത്‍ഭുതവും 'ഈശോ ജോണ്‍ കാറ്റാടി'യായ പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ബ്രോ ഡാഡിയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മീന, കല്യാണി പ്രിയദര്‍ശന്‍, കനിഹ, ലാലു അലക്സ്, ജഗദീഷ്, സൗബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, സംഗീതം ദീപക് ദേവ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍.