ഇന്ദുഗോപന്‍റെ കഥയെ ആസ്‍പദമാക്കി തിരക്കഥയൊരുക്കുന്നത് രാജേഷ് പിന്നാടന്‍

പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ ഈയിടെ പ്രഖ്യാപിച്ച 'ബ്രോ ഡാഡി'യുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ശ്രീജിത്ത് എന്‍ സംവിധായകനാവുന്നു. ബ്രോ ഡാഡി പ്രഖ്യാപനത്തിനു പിന്നാലെ ശ്രീജിത്ത് സംവിധായകനാവാന്‍ ഒരുങ്ങുന്നുവെന്ന വിവരവും പുറത്തെത്തിയിരുന്നു. ജി ആര്‍ ഇന്ദുഗോപന്‍റെ പ്രശസ്‍ത കഥയായ 'അമ്മിണിപ്പിള്ള വെട്ടുകേസി'നെ ആസ്‍പദമാക്കിയാവും സിനിമയെന്നും ശ്രീജിത്ത് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ പേരുള്‍പ്പെടെയുള്ള ഔദ്യോഗിക പ്രഖ്യാപനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.

'ഒരു തെക്കന്‍ തല്ല് കേസ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബിജു മേനോന്‍ നായകനാവുന്ന ചിത്രത്തില്‍ നായികയാവുന്നത് പത്മപ്രിയയാണ്. ഒരിടവേളയ്ക്കു ശേഷമാണ് പത്മപ്രിയ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. യുവതാരങ്ങളായ റോഷന്‍ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ദുഗോപന്‍റെ കഥയെ ആസ്‍പദമാക്കി തിരക്കഥയൊരുക്കുന്നത് രാജേഷ് പിന്നാടന്‍ ആണ്. ഇ ഫോർ എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു.

സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസർ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്. മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്സിന്‍റെ സാരഥിയാണ് ശ്രീജിത്ത് എന്‍. ശ്രീജിത്തിനൊപ്പം ബിബിന്‍ മാളിയേക്കലും ചേര്‍ന്നാണ് 'ബ്രോ ഡാഡി'യുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona