ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലിംപ്‍സ് 2024 ല്‍ പുറത്തെത്തിയിരുന്നു
മലയാളത്തില്‍ പട്ടാള സിനിമകള്‍ക്ക് പുതിയ മുഖം നല്‍കിയ സംവിധായകനാണ് മേജര്‍ രവി. പല ഹിറ്റ് സിനിമകളും അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 9 വര്‍ഷമായി അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ സിനിമകളൊന്നും എത്തിയിട്ടില്ല. അതിനിടെ ചില പ്രോജക്റ്റുകള്‍ പറഞ്ഞു കേട്ടിരുന്നു. ഒരു സിനിമയുടെ ഫസ്റ്റ് ഗ്ലിംപ്സ് പുറത്തെത്തിയിരുന്നു. എന്നാല്‍ ആ ചിത്രം ഇനി നടക്കില്ലെന്ന് പറയുകയാണ് അദ്ദേഹം. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവി അക്കാര്യം പറയുന്നത്.
തമിഴ് നടന്‍ ശരത് കുമാറിനെ നായകനാക്കി ചെയ്യാന്‍ ഒരുങ്ങിയ ഓപറേഷന്‍ റാഹത് എന്ന ചിത്രമാണ് ഇനി നടക്കാന്‍ സാധ്യതയില്ലെന്ന് മേജര്‍ രവി പറയുന്നത്. അതിന്‍റെ കാരണവും അദ്ദേഹം വിശദമാക്കുന്നു- “ഓപറേഷന്‍ റാഹത് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എന്‍റെ സുഹൃത്ത് തന്നെയാണ് അതിന്‍റെ പ്രൊഡ്യൂസര്‍. 20- 30 കോടിക്ക് തുടങ്ങിയിട്ടുള്ള ചിത്രം നമ്മളറിയാതെ ബജറ്റ് കൂടി. ആ ആര്‍ട്ടിസ്റ്റ് വേണം, ഈ ആര്‍ട്ടിസ്റ്റ് വേണം എന്നൊക്കെ പറഞ്ഞിട്ട്. ഒടുവില്‍ 230 കോടിയൊക്കെയായി ബജറ്റ്. നടക്കില്ല മോനേ എന്ന് ഞാന്‍ പറഞ്ഞു. ഈ സംഖ്യ പേപ്പറില്‍ എഴുതാനും ഇന്‍റര്‍വ്യൂവില്‍ പറയാനുമൊക്കെ പറ്റും”, മേജര്‍ രവി പറയുന്നു.
“അക്ഷയ് കുമാറിനെയടക്കം മീറ്റ് ചെയ്യിപ്പിച്ചു. അക്ഷയ് കുമാറിന് 80 കോടി കൊടുക്കണം. 230 കോടി എന്നൊക്കെ പറയുമ്പോള്‍ അത് നടക്കാന്‍ പോകുന്നില്ല. ഇത് വര്‍ക്കൗട്ട് ആവുമോ ഇല്ലയോ എന്നത് ആദ്യമേ നമ്മള്‍ ചിന്തിക്കണം. ഓപറേഷന്‍ സിന്ദൂര്‍ പോലും, നിങ്ങള്‍ക്ക് സിനിമ കാണുമ്പോള്‍ ഒരു 100 കോടിയുടെ പടം ഉണ്ടാവും. എന്‍റെ സ്വാധീനം വച്ച് പല സ്ഥലത്തുനിന്നായി കൊണ്ടുവരുന്ന കാര്യങ്ങളാണ്. അവ. പട്ടാള സിനിമയില്‍ അതാണ് ഞാന്‍ ചെയ്യുന്നത്. ഓപറേഷന്‍ റാഹത്തിലുള്ള എന്‍റെ പ്രതീക്ഷ ഞാന്‍ വിട്ടിരിക്കുന്നു”, മേജര്‍ രവി പറയുന്നു.
2024 സെപ്റ്റംബറിലാണ് ഓപറേഷന്‍ റാഹത്തിന്‍റെ ഫസ്റ്റ് ഗ്ലിംപ്സ് ടീസര്‍ പുറത്തെത്തിയത്. കൊച്ചിയില്‍ വച്ച് ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണും നടന്നിരുന്നു. ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം മേജർ രവി ഒരുക്കുന്ന ചിത്രം എന്ന രീതിയിലാണ് ഈ പ്രോജക്റ്റ് പ്രഖ്യാപിക്കപ്പെട്ടത്. 2015 ൽ സൗദി അറേബ്യയും സഖ്യകക്ഷികളും നടത്തിയ സൈനിക ഇടപെടലിനെത്തുടർന്ന് യെമനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെയും വിദേശികളെയും ഒഴിപ്പിക്കാനുള്ള ഇന്ത്യൻ സായുധ സേനയുടെ പ്രവർത്തനമായിരുന്നു ഓപ്പറേഷൻ റാഹത്. ഈ ഓപ്പറേഷനെ അടിസ്ഥാനമാക്കിയാണ് മേജർ രവി ചിത്രം ഒരുക്കാനിരുന്നക്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യാനായിരുന്നു പദ്ധതി.

