മുംബൈ: അൻപത്തിനാലം പിറന്നാൾ ആഘോഷിക്കുന്ന ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന് ആശംസകൾ നേർന്ന് ദുബായിലെ ബുർജ് ഖലീഫയും. ശനിയാഴ്ചയായിരുന്നു കിംഗ് ഖാന്റെ പിറന്നാൾ. അന്നേദിവസം രാത്രി ലൈറ്റ് അലങ്കാരം ഒരുക്കിയാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫ ഷാരൂഖിന് പിറന്നൾ ആശംസകൾ നേർന്നത്. ആദ്യമായാണ് ഒരു ചലച്ചിത്രത്താരത്തിന് ബുർജ് ഖലീഫ ഇത്തരത്തിൽ പിറന്നാൾ ആശംസകൾ നേരുന്നത്.

കെട്ടിട്ടം മുഴുവനായും ലൈറ്റ് ഉപയോ​ഗിച്ച് ഹാപ്പി ബേർത്ത്ഡേ ഷാരൂഖ് ഖാൻ എന്നെഴുതിയിരുന്നു. തൊട്ടടുത്തുള്ള ജലാശയമടക്കം വർണ്ണങ്ങളും വെളിച്ചങ്ങളും ഒരുക്കി അലങ്കരിച്ചിട്ടുണ്ട്. ബുർജ് ഖലീഫ തനിക്ക് പിറന്നാൾ ആശംസകൾ നേരുന്ന വീഡിയോ ഷാരൂഖ് ഖാൻ തന്നെയാണ് സോഷ്യൽമീഡിയയിൽ ആരാധകരുമായി പങ്കുവച്ചത്. ബുർജ് ഖലീഫയുടെ നിർമ്മാതാവ് മുഹമ്മദ് അലാബറിന് ഖാൻ നന്ദിയറിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, ബോളിവുഡിൽ നിന്നും ഹോളിവുഡിൽ നിന്നുമടക്കം നിരവധി താരങ്ങളാണ് ഷാരൂഖിന് പിറന്നാൾ ആശംസകൾ നേർന്നത്. പതിവു പോലെ പ്രിയതാരത്തിന് ആശംസകൾ നേരാനും അദ്ദേഹത്തെ ഒരു നോക്ക് കാണാനുമായി ആയിരക്കണക്കിന് ആരാധകരാണ് മുംബൈയിലെ വസതിയായ മന്നത്തിന് മുന്നിൽ തടിച്ചുകൂടിയത്.

1980-കളുടെ അവസാനത്തോടെ ബോളിവുഡിൽ എത്തി 1990കൾ മുതൽ വെള്ളിത്തിരയിൽ നിറസാന്നിദ്ധ്യമായ കിംഗ് ഖാൻ ഏകദേശം 100-ൽ അധികം സിനിമകളിൽ ഇതിനകം അഭിനയിച്ചിട്ടുണ്ട്.